എല്ലാത്തിനും തെളിവുകളുണ്ട്; സത്യം എല്ലാവരും അറിയണം; മഹുവ മൊയ്ത്രയ്‌ക്കെതിരെ സിബിഐ അന്വേഷണം നടത്തണം; ഉത്തരവിട്ട് ലോക്പാല്‍

ലോകസഭയില്‍ ചോദ്യം ചോദിക്കുന്നതിന് ബിസിനസുകാരനില്‍ നിന്നും പണം വാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായിരുന്ന മഹുവ മൊയ്ത്രയ്ക്ക് എതിരെ സിബിഐ അന്വേഷണം നടത്തണമെന്ന് ലോക്പാല്‍ ഉത്തരവ്. മൊയ്ത്രയ്‌ക്കെതിരായ ‘ആരോപണങ്ങളുടെ എല്ലാ വശങ്ങളിലും’ പരിശോധിക്കാനും ആറ് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനുമാണ് അഴിമതി വിരുദ്ധ നിരീക്ഷകരായ ലോക്പാല്‍ ഉത്തരവിട്ടിരിക്കുന്നത്.

അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് എല്ലാ മാസവും ഫയല്‍ ചെയ്യണമെന്നും ലോക്പാല്‍ സിബിഐക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഹുവ മൊയ്ത്രയ്ക്ക് എതിരെ കാര്യക്ഷമമായ അന്വേഷണം നടത്തുന്നതിനായ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും ലോക്പാല്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.

മൊയ്ത്രയ്‌ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ ഭൂരിഭാഗവും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതാണ്. അവര്‍ വഹിക്കുന്ന സ്ഥാനത്തെ അപേക്ഷിച്ച് ഇക്കാര്യം വലിയ ഗൗരവം അര്‍ഹിക്കുന്നതാണ്. അതിനാല്‍ സത്യം പുറത്തുവരാന്‍ കൃത്യമായ അന്വേഷണം ആവശ്യമാണെന്നും ലോക്പാല്‍ വ്യക്തമാക്കി.

നേരത്തെ, ചോദ്യം ചോദിക്കുന്നതിന് ബിസിനസുകാരനില്‍ നിന്നും പണം വാങ്ങിയെന്ന ആരോപണങ്ങള്‍ തടയണമെന്ന മഹുവ മൊയ്ത്രയുടെ ഹര്‍ജി ഡല്‍ഹി ഹൈകോടതി തള്ളിയിരുന്നു. ബിജെപി എംപി നിഷികാന്ത് ദുബെ, അഭിഭാഷകന്‍ ആനന്ദ് ദേഹ്റായി എന്നിവരെ പ്രചാരണം നടത്തുന്നതില്‍ നിന്ന് തടയണമെന്നാവശ്യപ്പെട്ടാണ് മഹുവ മൊയ്ത്ര ഹര്‍ജി നല്‍കിയത്.

ലോക്‌സഭയില്‍ ചോദ്യം ചോദിക്കുന്നതിനു പണം വാങ്ങിയെന്ന സംഭവത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത വിലക്കണമെന്നാവശ്യപ്പെട്ട് മഹുവ മൊയ്ത്ര ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കേസില്‍ അന്വേഷണം നടത്തുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതും മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതും വിലക്കണമെന്നാണ് മഹുവ ഡല്‍ഹി ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്.

അന്വേഷണവുമായി ബന്ധപ്പെട്ട് രഹസ്യാത്മകവും സ്ഥിരീകരിക്കാത്തതുമായ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ഇഡി ചോര്‍ത്തുന്നത് തടയണമെന്നായിരുന്നു മഹുവയുടെ ആവശ്യം. ഈ വിവരങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നതായിരുന്നു മറ്റൊരാവശ്യം.

എന്നാല്‍, മഹുവയുടെ വാദങ്ങള്‍ നിലനില്‍ക്കില്ലെന്നും മാധ്യമങ്ങളെ നിയന്ത്രിക്കാനാവില്ലെന്നും ജസ്റ്റീസ് സുബ്രഹ്മണ്യം പ്രസാദ് വ്യക്തമാക്കി ഹര്‍ജി തള്ളിയിരുന്നു. ലോക്‌സഭയില്‍ ചോദ്യം ചോദിക്കുന്നതിനു പണം വാങ്ങി എന്നു പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ മഹുവയെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കിയിരുന്നു.