ശക്തമായ പ്രതിപക്ഷ പ്രതിഷേധം, പ്രസംഗിക്കാനാകാതെ പ്രധാനമന്ത്രി; ചര്‍ച്ചയും പ്രധാനമന്ത്രിയുടെ മറുപടിയുമില്ലാതെ അസാധാരണമായി ലോക്‌സഭ നന്ദിപ്രമേയം പാസാക്കി; ലോകസ്ഭയില്‍ പറ്റാത്ത മോദിയുടെ മറുപടി പ്രസംഗം ഇനി രാജ്യസഭയില്‍

ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രിക്ക് ലോക്‌സഭയില്‍ പ്രസംഗിക്കാനായില്ല. പ്രധാനമന്ത്രിയുടെ മറുപടി ഒഴിവാക്കി രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയം ലോക്‌സഭ പാസാക്കി. ചര്‍ച്ചയും പ്രധാനമന്ത്രിയുടെ മറുപടിയും ഇല്ലാതെ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയം പാസാക്കുന്നത് അസാധരണമാണ്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പ്രസംഗം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ല എന്ന നിലപാടിലായിരുന്നു പ്രതിപക്ഷം. മുന്‍ കരസേന മേധാവിയുടെ പുസ്തകത്തിലെ ഭാഗങ്ങള്‍ ഉദ്ധരിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തടസപ്പെടുത്തിയത്.

പ്രമേയം അവതരിപ്പിച്ച് ബിജെപി നേതാക്കളായ സര്‍ബാനന്ദ സോനോവാള്‍, തേജസ്വി സൂര്യ എന്നിവര്‍ സംസാരിച്ചു കഴിഞ്ഞാണ് രാഹുല്‍ ഗാന്ധി ജനറല്‍ എംഎം നരവനേയുടെ പുസ്തകം ഉന്നയിക്കാന്‍ ശ്രമിച്ചത്. ഇത് സര്‍ക്കാര്‍ തടഞ്ഞതിന് ശേഷമുള്ള രാഷ്ട്രീയ തര്‍ക്കം അതേപടി തുടരുകയാണ്. ഇന്നും ലോക്‌സഭയില്‍ നരവനേയുടെ പുസ്തകവും സറണ്ടര്‍ മോദിയെന്നെഴുതിയ പ്ലക്കാര്‍ഡും ബാനറുകളുമായി പ്രതിപക്ഷം ബഹളം വച്ചു. രാഹുല്‍ ഗാന്ധിയെ സംസാരിക്കാന്‍ അനുവദിക്കാത്തതിനെതിരെ രാജ്യസഭയിലും പ്രതിപക്ഷം ഇന്ന് ഒറ്റക്കെട്ടായി പ്രതിഷേധിച്ചു.

പ്രധാനമന്ത്രി ഇന്ന് സഭയില്‍ വന്നില്ല. ലോക്‌സഭയില്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഒഴിവാക്കിയ മറുപടി പ്രസംഗം ഇനി രാജ്യസഭയിലാണ്. വെകീട്ട് 5 മണിക്ക് രാജ്യസഭയില്‍ പ്രധാനമന്ത്രി മറുപടി പറയും എന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം രാജ്യസഭയിലും ബിജെപി വിചാരിച്ച പോലെ കാര്യങ്ങള്‍ സുഗമമല്ല. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാത്ത വിഷയത്തില്‍ രാജ്യസഭയും പ്രക്ഷുബ്ധമായി. എം.എം.നരവാനെയുടെ പുസ്തകം ഉദ്ധരിക്കാന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ രാജ്യസഭാധ്യക്ഷന്‍ അനുവദിച്ചില്ല. നടുത്തളത്തില്‍ ഇറങ്ങിയ പ്രതിപക്ഷം രാജ്യസഭയില്‍ നിന്ന് വാക്ക്ഔട്ട് നടത്തി. ചൈനയെക്കുറിച്ച് സംസാരിക്കാനേ പാടില്ല എന്നാണോ കേന്ദ്രസര്‍ക്കാര്‍ നിലപാട് എന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ ചോദിച്ചു.

Read more

ചട്ടങ്ങള്‍ക്ക് പുറത്ത് സംസാരിക്കാന്‍ ശ്രമിച്ചത് കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിലക്കിയതെന്ന് പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. വിവരമില്ലാത്ത കുട്ടിയുടെ തടവിലാവരുത് പ്രതിപക്ഷമെന്ന് രാഹുല്‍ ഗാന്ധിയെ ഉന്നമിട്ട് ജെ പി നഡ്ഡ വിമര്‍ശിച്ചു. എന്നാല്‍, പ്രതിപക്ഷനേതാവിന്റെ സ്ഥാനം പ്രധാനമാണെന്നും രാഹുല്‍ ഗാന്ധിയെ സംസാരിക്കാന്‍ അനുവദിക്കണമെന്നും സിപിഎം അംഗം ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടു. ഒറ്റക്കെട്ടായി നരവെനെയുടെ പുസ്തകത്തിന്റെ കാര്യവും എപ്സ്റ്റീന്‍ ഫയലിലെ മോദിയുടെ പേരിന്റെ പരാമര്‍ശവം നേരിടാനാണ് ഇന്ത്യ സഖ്യ യോഗത്തിലെ ധാരണ. ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഷന്‍ നേരിട്ട എട്ട് എംപിമാര്‍ പാര്‍ലമെന്റ് കവാടത്തില്‍ ധര്‍ണ തുടരുകയാണ്. രാജ്യസഭയില്‍ മോദിയുടെ മറുപടി പ്രസംഗത്തിലും പ്രതിഷേധം ഉയര്‍ത്താന്‍ ഇന്ത്യ സഖ്യം തീരുമാനിച്ചിട്ടുണ്ട്.