കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ലോക്സഭ പാസാക്കി; ചർച്ച ആവശ്യം തള്ളി

വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള ബിൽ ലോകസഭ പാസ്സാക്കി. ചർച്ച നടത്തണമെന്ന പ്രതിപക്ഷ ആവശ്യത്തെ അംഗീകരിക്കാതെയാണ് ബിൽ പാസ്സാക്കിയത്. ലോക്സഭയിൽ പ്രതിപക്ഷ എംപിമാരുടെ മുദ്രാവാക്യം വിളികൾക്കിടയിൽ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ബിൽ അവതരിപ്പിച്ചു. ശബ്ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാനുള്ള ഒറ്റ ബില്ലാണ് അവതരിപ്പിച്ചത്.

സഭ തുടങ്ങി നിമിഷങ്ങൾക്കകം തന്നെ കാർഷിക ബില്ലുകൾ പിൻവലിക്കുന്നതിനൊപ്പം കർഷകരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധമുയർത്തിയിരുന്നു. ബില്ലിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നടത്തുളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. എന്നാൽ ഇതോടെ സഭ നിർത്തിവയ്ക്കുകയാണെന്ന് സ്പീക്കർ ഓം ബിർള അറിയിച്ചു. 12 മണി വരെ സഭ നിർത്തിവെച്ച ശേഷം പിന്നെ ചേർന്നപ്പോഴാണ് കാർഷിക ബിൽ അവതരിപ്പിച്ച് പാസ്സാക്കിയത്.

കാർഷിക നിയമങ്ങൾ എന്തുകൊണ്ടാണ് പിൻവലിക്കുന്നതെന്ന് ബില്ലിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയടക്കം ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടുള്ളതിനാൽ ഇനി ഇക്കാര്യത്തിൽ ചർച്ച വേണ്ടെന്നായിരുന്നു കേന്ദ്രനിലപാട്. ഉച്ചയ്ക്ക് രണ്ട് മണിക്ക് സഭാ നടപടികൾ വീണ്ടും ആരംഭിക്കും.

Read more

അതേസമയം പാർലമെന്റിൽ ഉയർന്നു വരുന്ന വിഷയങ്ങളിൽ ചർച്ചയ്ക്ക് തയ്യാറാണെന്നും ജനഹിതത്തിന് അനുസരിച്ചുള്ള തീരുമാനങ്ങൾ എടുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രാജ്യതാത്പര്യം അനുസരിച്ചുള്ള ചർച്ച പാർലമെന്റിൽ വേണം. രാജ്യപുരോഗതിക്ക് ഗുണകരമായ തീരുമാനങ്ങളുണ്ടാകണം. പാർലമെന്റിൽ ബഹളം വെയ്ക്കുന്നതിലല്ല കാര്യം. തുറന്ന ചർച്ച വേണമെന്നും, ക്രിയാത്മക ഇടപെടൽ ഉണ്ടാകണമെന്നുമാണ് മോദി പറഞ്ഞത്.