ബജറ്റ് സമ്മേളനം ഇന്നാരംഭിക്കും, മുത്തലാഖ് ബില്‍ പാസാക്കാനുള്ള ശ്രമവുമായി കേന്ദ്രസര്‍ക്കാര്‍

ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും.രാവിലെ 11 ന് ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സംസാരിക്കും. ബജറ്റിനു മുമ്പുള്ള സാമ്പത്തിക സര്‍വ്വേ തിങ്കളാഴ്ച പാര്‍ലമെന്റില്‍ വയ്ക്കും. ഫെബ്രുവരി ഒന്നിനാണ് പൊതുബജറ്റ് അവതരിപ്പിക്കുക.

ഇത്തവണത്തെ സമ്മേളനത്തില്‍ മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസാക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനുള്ള തിരക്കിട്ട സമവായ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിനു മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ വിവിധ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ബജറ്റ് സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനു സഹകരണം അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു ചര്‍ച്ച. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, പാര്‍ലമെന്ററികാര്യമന്ത്രി അനന്ത് കുമാര്‍ എന്നിവരും പ്രതിപക്ഷ നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തു.

ശീതകാല സമ്മേളനത്തില്‍ ലോക്‌സഭ മുത്തലാഖ് ബില്‍ പാസ്സാക്കിയിരുന്നു.എന്നാല്‍ പ്രതിപക്ഷം തുടര്‍ച്ചയായി എതിര്‍പ്പുകളമായി സഭാനടപടികള്‍ തടസ്സപ്പെടുത്തിയതിനാല്‍ രാജ്യസഭയുടെ അംഗീകാരം നേടാനായില്ല. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് അന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. കൂടാതെ, ഒബിസി കമ്മീഷന് ഭരണഘടനാ പദവി നല്‍കാനുള്ള ബില്ലും ബജറ്റ് സമ്മേളനത്തില്‍ പാസ്സാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

അതേസമയം സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം അറിയിക്കാനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷം. കാര്‍ഷികമേഖലയിലെ പ്രതിസന്ധി, തൊഴിലവസരങ്ങള്‍, സത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, വര്‍ഗീയ കലാപങ്ങള്‍ എന്നിവയെല്ലാം പ്രതിപക്ഷം രാഷ്ട്രപതിയുടെ പ്രസംഗത്തിനുശേഷമുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ ഉന്നയിക്കും.