വീണ്ടും കലുഷിതമായി ലോക്സഭാ, രണ്ടാം തവണയും നിർത്തിവെച്ചു, 2 മണിക്ക് പുനരാരംഭിക്കും; പ്രതിപക്ഷ അംഗങ്ങൾക്ക് സംസാരിക്കാൻ അനുവാദമില്ലെന്ന് രാഹുൽ ഗാന്ധി

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യദിനം ലോക്സഭാ ബഹളമയം. രണ്ടാം തവണയും ലോക്സഭാ നിർത്തിവെച്ചു. നേരത്തെ കലുഷിതമായതിനെ തുടർന്ന് ഏറു സഭകളും 12 മണി വരെ നിർത്തിവെച്ചിരുന്നു. ശേഷം 12 മണിക്ക് ആരംഭിച്ചു. സഭ പുനരാരംഭിച്ചപ്പോഴും പ്രതിപക്ഷം പ്രതിഷേധ മുദ്രാവാക്യം ഉയർത്തി. തുടർന്ന് 12.15 ലോടെ ലോക്സഭ 2 മണി വരെ നിർത്തിവെച്ചു.

‘പ്രതിരോധ മന്ത്രിക്ക് സഭയിൽ സംസാരിക്കാൻ അനുവാദമുണ്ട്, എന്നാൽ ഞാൻ ഉൾപ്പെടയുള്ള പ്രതിപക്ഷ അംഗങ്ങൾക്ക് സംസാരിക്കാൻ അനുവാദമില്ല. ഇതൊരു പുതിയ സമീപനമാണ്’ എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ലോക്സഭ നടപടികൾ രണ്ടുമണി വരെ നിർത്തിവെച്ചതിലാണ് രാഹുലിന്റെ പ്രതികരണം.

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും അഹമ്മദാബാദ് വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ടവർക്കും ആദരാഞ്ജലിയർപ്പിച്ചാണ് ലോക്സഭാ നടപടികൾ ആരംഭിച്ചത്. പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, അഹമ്മദാബാദ് വിമാന ദുരന്തം അടക്കം രാജ്യം നേരിട്ട നിർണായക വിഷയങ്ങളിൽ ചർച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ചോദ്യോത്തര വേള നിർത്തിവെച്ച് വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം സ്പീക്കർ തള്ളിയതോടെ പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധം തുടങ്ങിയത്.

ലോക് സഭയിൽ വലിയ ശബ്ദത്തിൽ മുദ്രാവാക്യം മുഴങ്ങി. ഇതോടെ മുദ്രാവാക്യം വിളിക്കേണ്ടവർ പുറത്ത് പോകണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു. ചോദ്യോത്തര വേള തടസപ്പെടുത്തരുതെന്നും എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുമെന്നും സ്പീക്കർ സഭയെ അറിയിച്ചു. എന്നാൽ പ്രതിപക്ഷം ബഹളം തുടർന്നു. ഇതോടെയാണ് 12 മണി വരെ സ്പീക്കർ സഭ നിർത്തിവച്ചത്.

Read more

അതേസമയം, ചർച്ചയാവശ്യപ്പെട്ട് രാജ്യസഭയിൽ നൽകിയ നോട്ടീസുകൾ ചെയർമാൻ തള്ളി. രാജ്യസഭയിൽ സഭാ നടപടികൾ പുരോഗമിക്കുകയാണ്. അഹമ്മദാബാദ് വിമാനാപകടത്തെക്കുറിച്ച് വ്യോമയാന മന്ത്രി രാംമോഹൻ നായിഡു രാജ്യസഭയെ അഭിസംബോധന ചെയ്യുകയാണ്.