ശ്രീനഗറിൽ പ്രാദേശിക ഉറുദു പത്രത്തിന്റെ ഒന്നാം പേജിൽ മാസ്‌ക്

കൊറോണ വൈറസ് മുൻകരുതലുകളെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനും ഫെയ്സ് മാസ്കുകൾ ധരിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്നതിനുമായി, ജമ്മു കശ്മീരിലെ ശ്രീനഗറിലെ പ്രാദേശിക ഉറുദു ദിനപത്രമായ റോഷ്നി വായനക്കാർക്ക് സൗജന്യ മാസ്‌കുകൾ നൽകി. വായനക്കാർക്ക് അത്ഭുതവും അതോടൊപ്പം സന്തോഷവും നൽകി പത്രത്തിന്റെ ഒന്നാം പേജിൽ മാസ്ക് ഒട്ടിച്ചിരുന്നു, “മാസ്കുകൾ ഉപയോഗിക്കുന്നത് പ്രധാനമാണ്” എന്ന കുറിപ്പും ഇതോടൊപ്പം ഉണ്ടായിരുന്നു.

“ഈ അവസരത്തിൽ പൊതുജനങ്ങൾക്ക് ഇങ്ങനെയൊരു സന്ദേശം നൽകുന്നത് പ്രധാനമാണെന്ന് ഞങ്ങൾ കരുതി, മാസ്ക് ധരിക്കുന്നതിന്റെ പ്രാധാന്യം അവരെ മനസ്സിലാക്കുന്നതിനുള്ള ഒരു നല്ല മാർഗമാണിത്”, റോഷ്നി എഡിറ്റർ സഹൂർ ഷോറ പറഞ്ഞു.

പ്രസാധകരുടെ ഈ നീക്കത്തെ സോഷ്യൽ മീഡിയയിൽ പലരും അഭിനന്ദിച്ചു.

“ഒരു പത്രത്തിന് രണ്ട് രൂപയോളം വിലവരും, പ്രസാധകൻ ഒരു മാസ്ക് സൗജന്യമായി നൽകുകയാണെങ്കിൽ, ആളുകൾ അതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവാന്മാരാകണമെന്ന് അവർ ആഗ്രഹിക്കുന്നുവെങ്കിൽ, നമ്മൾ അത് വിലമതിക്കണം. വീട്ടിൽ ഇരുന്നാണ് പലരും ഇത് വായിക്കുന്നതെങ്കിൽ പോലും അത് ഒരു വലിയ സന്ദേശം നൽകുന്നു,” ശ്രീനഗർ നിവാസിയായ സുബൈർ അഹമദ് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

അതേസമയം, ജമ്മു കശ്മീരിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്കായ 751 കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പത്ത് പുതിയ മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ മൊത്തം മരണം 254 ആയി. ജമ്മു കശ്മീരിൽ 6,122 സജീവ കേസുകളുണ്ട്, 8,274 രോഗികൾ സുഖം പ്രാപിച്ചു. ശ്രീനഗർ ജില്ലയിലാണ് തിങ്കളാഴ്ച ഏറ്റവും കൂടുതൽ പുതിയ 171 കേസുകൾ രേഖപ്പെടുത്തിയത്.

Read more

കൊറോണ വൈറസിൽ നിന്ന് ഒരാളെ രക്ഷിക്കാനുള്ള ഏറ്റവും ശക്തമായ മാർഗം ഫെയ്‌സ് മാസ്കുകൾ ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ആണെന്ന് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.