പിന്നണി ഗാനരംഗത്തെ വിസ്മയം, പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്ലെ അന്തരിച്ചു. 92 വയസായിരുന്നു. മുംബൈയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ആശാ ഭോസ്ലെ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മുംബൈയിലെ ബ്രീച് ക്യാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്കാരം നാളെ വൈകീട്ട് നാലിന് മുംബൈയിലെ ശിവാജി പാര്‍ക്കില്‍ നടക്കും. നെഞ്ചില്‍ അണുബാധയുണ്ടായി അവശയായതാണെന്നു കുടുംബം വ്യക്തമാക്കിയിരുന്നു. വിഖ്യാത ഗായിക ലത മങ്കേഷ്ക്കറുടെ സഹോദരി കൂടിയാണ് ആശ ഭോസ്ല. ഗ്രാമിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരി കൂടിയാണ് ആശാ ഭോസ്ലെ.
2000ല്‍ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരവും 2008ല്‍ പത്മവിഭൂഷണും നല്കി രാജ്യം അഭിമാന ഗായികയെ ആദരിച്ചു. 20 ഭാഷകളിലായി പതിനായിരത്തിലധികം പാട്ടുകള്‍ പാടിയ ആശയുടെ പേരില്‍ ഏറ്റവും അധികം ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട ഗായിക കൂടിയാണ്. ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കറിന്റെ ഇളയ സഹോദരിയായി, 1933ല്‍ സാഗ്ലിയിലെ സംഗീത കുടുംബത്തിൽ ആയിരുന്നു ആശാ ഭോസ്ലെയുടെ ജനനം. 1943-ൽ ആണ് ആശായുടെ ഗാനം ആദ്യമായി റെക്കോർഡ് ചെയ്തത്.
മറാഠി നാടകവേദിയിലെ നടനും ഗായകനുമായിരുന്ന ദീനനാഥ് മങ്കേഷ്കറുടെയും ശുദ്ധമാതിയുടേയും മകളായി മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ആശ ജനിച്ചത്. ലതാ മങ്കേഷ്കര്‍, ഹൃദ്യനാഥ് മങ്കേഷ്കര്‍, ഉഷാ മങ്കേഷ്കര്‍, മീനാ മങ്കേഷ്കര്‍ എന്നിവരാണ് സഹോദരങ്ങള്‍. പ്രശസ്ത നടനും ഗായകനുമായ ദീനാനാഥ് മങ്കേഷ്കറിന്റെ പുത്രിമാരായ ആശയും ലതയും അച്ഛന്റെ ശിക്ഷണത്തിലായിരുന്നു സംഗീതത്തിന്റെ ആദ്യാക്ഷരങ്ങള്‍ പഠിച്ചത്. ആശയ്ക്ക് ഒന്‍പത് വയസുള്ളപ്പോള്‍ അച്ഛന് മരിച്ചു. സഹോദരി ലതയെ പിന്തുടര്ന്നാണ് ആശ പിന്നണി ഗാനരംഗത്ത് എത്തിയത്. 1943 ല്‍ മജാബാല്‍ എന്ന മറാഠി ചിത്രത്തിലെ ‘ചലാ ചലാ നവ്ബാല’ എന്ന ഗാനം പാടിക്കൊണ്ട് പിന്നണി ഗാനരംഗത്ത് അരങ്ങേറി. ഹിന്ദിയില്‍ 1945ല്‍ ‘ബഡി മാ’ എന്ന ചിത്രത്തിലാണ് ആശ ആദ്യമായി പാടിയതെങ്കിലും 1948ല്‍ റിലീസായ ‘ചുനാരിയ’ ആണ് ഗായികയുടെ ആദ്യ ചിത്രമായി അറിയപ്പെടുന്നത്.
1948ൽ ബോളിവുഡ് അരങ്ങേറ്റം കുറിച്ച ആശ, 1949ൽ രാത് കി റാണിയിൽ ആദ്യ സോളോ ഗാനം പാടി. ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച ഡാൻസ് നമ്പറുകൾ പാടിയ അവര്‍ ഇന്ത്യൻ സിനിമ സംഗീതത്തിന് പുതു ഭാവുകത്വമേകിയ ഗായികയായി മാറി. ഗസലുകളും കവാലികളും അനര്ഗളമൊഴുകിയ ആ ശബ്ദമാധുര്യത്തില്‍ ഫാസ്റ്റ് നമ്പറുകളും ഇന്ത്യന്‍ സിനിമ സംഗീത ലോകത്തെ ത്രസിപ്പിച്ചു.
പോപ്, കാബറെ, റോക്ക്, ഡിസ്കൊ, ഗസല്‍, ക്ലാസ്സിക്കല്‍ അങ്ങനെ എല്ലാത്തരം ഗാനങ്ങളും പാടാന്‍ കഴിവുള്ള ഒരു ഗായികയണ് താനെന്ന് ആശ – ബര്മന് ഗാനങ്ങളിലൂടെ തെളിയിച്ചു.1990 കളില്‍ സിനിമയില്‍നിന്ന് പതിയെ പിന്‍വാങ്ങിയ ആശയെ എ.ആര്.റഹ്മാനാണ് തിരിച്ചുകൊണ്ടുവന്നത്. 1995 ല്‍ പുറത്തിറങ്ങിയ രംഗീല എന്ന ചിത്രത്തില്‍ ഊര്‍മിള മണ്ഡോദ്കറിന് വേണ്ടി പാടിയ പാട്ടുകളെല്ലാം സൂപ്പര്‍ ഹിറ്റുകളായി. ഡാന്‍സ് നമ്പറുകള്‍ 90കളിലെ പുത്തന്‍ ട്രെന്‍ഡായി മാറി. പുതുതലമുറയുടെ ആവേശമായി മാറിയ ആ ഗാനങ്ങള്‍ തന്റെ 60കളിലാണ് ആശ ഭോസ്ലെ ആലപിച്ചത്. പ്രായം ശബ്ദത്തെ ബാധിക്കാതെ ആശ തന്റെ 90കളിലേക്കെത്തുമ്പോഴും പാടിതുടര്ന്നു കൊണ്ടിരുന്നു.
1949 ല്‍ തന്റെ 16ാം വയസ്സില്‍ കുടുംബത്തിന്റെ എതിര്‍പ്പുകളെ അവഗണിച്ച് 31 വയസ്സുള്ള ഗണ്‍പത്റാവു ഭോസ്ലെയെ വിവാഹം കഴിച്ചച്ചതടക്കം ആശയുടെ ജീവിതത്തിലെ നിര്‍ണായക തീരുമാനങ്ങള്‍ ജീവിത പോരാട്ടങ്ങളായി മാറി. ആ വിവാഹം ഒരു പരാജയമായിരുന്നു. 1956ല്‍ ഒ.പി.നയ്യാറിന്റെ സംഗീതസംവിധാനത്തിന് കീഴില്‍ സിഐഡി എന്ന ചിത്രത്തില്‍ പാടിയതാണ് ആശയുടെ സംഗീത ജീവിതത്തില്‍ മറ്റൊരു വഴിത്തിരിവായത്. പിന്നീട് 1974ല്‍ വഴിപിരിയുന്നതുവരെ ഈ സംഗീതജോഡി നിരവധി ഹിറ്റുകള്‍ സമ്മാനിച്ചു. 1966 ല്‍ പുറത്തിറങ്ങിയ തീസിരി മന്‍സിലില്‍ പാടിക്കൊണ്ടായിരുന്നു ആശാ ഭോസ്ലെ – ആര്.ഡി.ബര്മന് കൂട്ടുകെട്ടിന്റെ തുടക്കം. പിന്നീട് ആര്.ഡി.ബര്‍മന്റെ പ്രിയപ്പെട്ട ഗായികയായി ആശ മാറി. ആർ.ഡി. ബർമനോടൊപ്പമുള്ള ‘ചുര ലിയാ ഹേ തുംനേ ജോ ദിൽ കോ’ തുടങ്ങിയ ഗാനങ്ങൾ ഇന്നും സംഗീത പ്രേമികൾക്കിടയിൽ സുപരിചിതമാണ്. ആ കൂട്ടുകെട്ട് വിവാഹം വരെ എത്തി. 1980ലാണ് പ്രശസ്ത സംഗീത സംവിധായകനായ ആര്.ഡി. ബര്‍മനെ ആശ വിവാഹം കഴിച്ചത്.
മലയാളത്തിലും ആശ പാടിയിട്ടുണ്ട്. രവീന്ദ്ര ജയിനിന്റെ സംഗീതത്തില്‍ സുജാത എന്ന ചിത്രത്തിലെ സ്വയംവരം ശുഭദിന മംഗളങ്ങള്‍ എന്ന ഗാനം ആലപിച്ചത് ആശാ ഭോസ്ലേ ആണ്.
തന്റെ 92ാം വയസില്‍ കാലയവനികയ്ക്ക് പിന്നിലേക്ക് മറയുമ്പോള്‍ ആശ ഭോസ്ലെ എട്ട് പതിറ്റാണ്ട് നീണ്ട സംഗീത ലോകത്ത് നിന്നാണ് വിടവാങ്ങുന്നത്. ഒരിക്കലും മറക്കാനാവാത്ത ഒത്തിരി ഗാനങ്ങള്‍ ലോകത്തിന് നല്കി ഒട്ടനവധി റെക്കോര്‍ഡുകള്‍ തന്റെ പേരിലാക്കിയാണ് ആശയുടെ മടക്കം. ഏറ്റവും അധികം ഗാനങ്ങള്‍ റെക്കോഡ് ചെയ്യപ്പെട്ട ഗായിക എന്നതോടൊപ്പം ഗാനങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഗിന്നസ് റെക്കോഡ് വരെ ആശയുടെ പേരിലുണ്ട്. 2011-ൽ ഏഷ്യൻ അവാർഡിൽ, സംഗീത ചരിത്രത്തിലെ ഏറ്റവും കൂടുതൽ റെക്കോർഡ് ചെയ്ത കലാകാരിയായി ഭോസ്ലെയെ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് ഔദ്യോഗികമായി അംഗീകരിച്ചിരുന്നു.
1947 മുതൽ 11,000-ൽ അധികം സോളോ, ഡ്യുയെറ്റ്, കോറസ് ഗാനങ്ങൾ 20-ൽ അധികം ഇന്ത്യൻ ഭാഷകളിൽ റെക്കോർഡ് ചെയ്തതിന് ‘ഏറ്റവും കൂടുതൽ സ്റ്റുഡിയോ റെക്കോർഡിംഗുകൾ (സിംഗിൾസ്)’ എന്നതിന് സെബാസ്റ്റ്യൻ കോയിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിച്ചു. ഏറ്റവും കൂടുതല്‍ കാലം സജീവമായി നിന്ന ഗായിക എന്നതും പിന്നണി ഗാനരംഗത്ത് ആര്‍ക്കും എത്തിപ്പെടാന്‍ കഴിയാത്ത ഉയരത്തിലേക്ക് അവരെ എത്തിക്കുന്നു. ഗ്രാമി അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യക്കാരിയും ആശ തന്നെയായിരുന്നു.
Read more
രണ്ട് തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം, 2000ത്തില്‍ ഇന്ത്യന്‍ സിനിമ രംഗത്തെ ഏറ്റവും അഭിമാനകരമായ നേട്ടമായ ദാദ സാഹേബ് ഫാല്‍ക്കെ അവാര്‍ഡും ആശ ഭോസ്ലെയെ തേടിയെത്തിയിരുന്നു. 2008-ൽ പത്മവിഭൂഷണും നൽകി രാജ്യം അവരെ ആദരിച്ചു. ബംഗാളിലെ പരമോന്നത ബഹുമതിയായ ബംഗാബിഭൂഷൺ പുരസ്കാരവും ആശാ ഭോസ്ലെയെ തേടിയെത്തി.







