അയോദ്ധ്യയില്‍ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന് തറക്കല്ലിട്ടു; ക്ഷേത്രം രാജ്യത്തെ ഐക്യത്തിന്റെ പ്രതീകമെന്ന് യോഗി ആദിത്യനാഥ്

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന് തറക്കല്ലിട്ട് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്ഷേത്രം രാജ്യത്തിന്റെ അഖണ്ഡതയുടെയും ഐക്യത്തിന്റെയും പ്രതീകമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

ശ്രീകോവിലിന് തറക്കല്ലിടുന്ന ചടങ്ങില്‍ മന്ത്രിമാര്‍, ആത്മീയ നേതാക്കള്‍, ബിജെപി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. രാജസ്ഥാനില്‍ നിന്ന് കൊണ്ടുവന്ന കൊത്തുപണി നടത്തിയ മാര്‍ബിളാണ് ചടങ്ങിന് ഉപയോഗിച്ചത്. പ്രദേശത്ത് വന്‍ സുരക്ഷ സന്നാഹമാണ് ഒരുക്കിയിരുന്നത്. 2024ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി.

360 അടി നീളവും 235 അടി വീതിയുമുള്ള രാമക്ഷേത്രമാണ് നിര്‍മിക്കുന്നത്. ക്ഷേത്രസമുച്ചയത്തില്‍ ആധുനിക ആര്‍ട്ട് ഡിജിറ്റല്‍ മ്യൂസിയം, സന്യാസിമാര്‍ക്കായുളള ഇടം, ഓഡിറ്റോറിയം, ഭരണനിര്‍വഹണ കാര്യാലയങ്ങള്‍ എന്നീ സൗകര്യങ്ങളുണ്ടാകും. റിസര്‍ച്ച് സെന്ററും നിര്‍മ്മിക്കും. 2020 ഓഗസ്റ്റ് അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രനിര്‍മാണത്തിനായി ശിലാസ്ഥാപനം നടത്തിയത്.