ജോലിക്കിടെ ലാപ്‌ടോപ് പൊട്ടിത്തെറിച്ചു; യുവതിക്ക് ഗുരുതര പൊള്ളല്‍

ജോലി ചെയ്യുന്നതിനിടെ ലാപ്‌ടോപ് പൊട്ടിത്തെറിച്ച് സോഫ്റ്റ്‌വെയര്‍ കമ്പനി ജീവനക്കാരിക്ക് പൊള്ളലേറ്റു. ആന്ധ്രപ്രദേശിലെ വൈഎസ്ആര്‍ ജില്ലയിലാണ് സംഭവം. സോഫ്റ്റ് വെയര്‍ ജീവനക്കാരിയായ സുമലതയ്ക്കാണ് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ലാപ്‌ടോപ് ചാര്‍ജിലിട്ട് ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. പിന്നീടാണ് ചാര്‍ജ് ചെയ്യുന്നതിനിടെ തീ പിടിച്ചതാണെന്ന് കണ്ടത്തിയത്. തീപിടിച്ച ലാപടോപ് പൊട്ടിത്തെറിച്ചു. തീപ്പൊരി കിടക്കയ്ക്ക് മുകളിലേക്ക് തെറിച്ചു വീണു. തുടര്‍ന്ന് മുറി മുഴുവന്‍ തീപടരുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്.

ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് സുമലത. ഇവര്‍ വര്‍ക്ക് ഫ്രം ഹോമായാണ് ജോലി ചെയ്തിരുന്നത്. മകള്‍ എല്ലാ ദിവസത്തേയും പോലെ ലാപ്‌ടോപ് മടിയില്‍ വെച്ചാണ് ജോലി ചെയ്തുകൊണ്ടിരുന്നത്. ശബ്ദം കേട്ടു വന്നു നോക്കിയപ്പോഴാണ് മുറിയില്‍ തീ പടര്‍ന്നതായി കണ്ടതെന്ന് സുമലതയുടെ മാതാപിതാക്കള്‍ പറഞ്ഞു.