ലഖിംപൂര്‍ഖേരി കര്‍ഷക കൂട്ടക്കൊല; ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കി സുപ്രീംകോടതി

ലഖിംപൂര്‍ഖേരിയിലെ കര്‍ഷക കൂട്ടക്കൊല കേസില്‍ മുഖ്യപ്രതിയായ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കി സുപ്രീംകോടതി. ഒരാഴ്ചക്കുള്ളില്‍ കീഴടങ്ങാനാണ് കോടതിയുടെ നിര്‍ദ്ദേശം. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കര്‍ഷകരുടെയും മാധ്യമപ്രവര്‍ത്തകന്റെയും കുടുംബങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനായ ആശിഷ് മിശ്രയ്ക്ക് അലഹബാദ് ഹൈക്കോടതിയാണ് നേരത്തെ ജാമ്യം അനുവദിച്ചത്. ഇതിനെതിരെ അപ്പീല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രണ്ട് തവണ യു.പി സര്‍ക്കാരിന് കത്തെഴുതിരുന്നു എന്നാല്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരുന്നില്ല.

അന്വേഷണ സമിതിയുടെ ആവശ്യം പരിഗണിക്കാതിരുന്നതിന് സുപ്രീംകോടതി യു പി സര്‍ക്കാരിനെ വിമര്‍ശിച്ചു. ആശിഷ് മിശ്രയ്ക്കെതിരെയുള്ള കുറ്റങ്ങള്‍ ഗുരുതരമാണെന്ന് പറയുമ്പോഴും അദ്ദേഹം രാജ്യം വിടുമെന്ന ഭീഷണിയില്ല എന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

ഫെബ്രുവരി 10 നാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചത്. 2021 ഒക്ടോബര്‍ 3-ന് ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍  നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടെ എട്ട് പേരാണ് മരിച്ചത്.