ലഖിംപൂര്‍ ഖേരി കേസ്; യു.പി സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

ലഖിംപൂര്‍ ഖേരി കേസില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസില്‍ പ്രതിയായ ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചതിനെതിരെ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ വൈകിയതിനാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചത് ചോദ്യം ചെയ്യാന്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് രണ്ട് തവണ ആവശ്യപ്പെട്ടിരുന്നതായി തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ സംഘം വ്യക്തമാക്കി.

കേസില്‍ സര്‍ക്കാര്‍ നിലപാട് എത്രയും വേഗം അറിയിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കേസിന്റെ അന്വേഷണ മേല്‍നോട്ടത്തിനായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് രാകേഷ് കുമാര്‍ ജെയിനിനെ സുപ്രീം കോടതി നിയമിക്കുകയും എസ്ഐടി പുനഃസംഘടിപ്പിക്കുകയും ചെയ്തിരുന്നു.

ലഖിംപൂരില്‍ എട്ട് പേരുടെ മരണത്തിനിടയാക്കിയ അക്രമം നടന്ന സ്ഥലത്ത് ആശിഷ് മിശ്ര ഉണ്ടായിരുന്നുവെന്ന് തെളിയിക്കാന്‍ മതിയായ തെളിവുകളുണ്ടെന്നും എസ്സി കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.

ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ഫെബ്രുവരി 10 നാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചത്. കര്‍ഷകരുടെ ഹര്‍ജിയില്‍ മാര്‍ച്ച് 16ന് ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.

2021 ഒക്ടോബര്‍ 3-ന് ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.