തൊഴില്‍ പ്രശ്‌നങ്ങള്‍ രൂക്ഷം; എയര്‍ ഇന്ത്യയില്‍ അപ്രതീക്ഷിത അവധിയെടുത്ത് 300 ജീവനക്കാര്‍; 79 സര്‍വീസുകള്‍ റദ്ദാക്കി

എയര്‍ ഇന്ത്യ എക്‌സ്പ്രസ് 79 ഇന്റര്‍നാഷണല്‍-ഡൊമസ്റ്റിക് സര്‍വീസുകള്‍ റദ്ദാക്കിയതോടെ യാത്രക്കാര്‍ ദുരിതത്തിലായി. ക്രൂ അംഗങ്ങള്‍ കൂട്ടത്തോടെ അവധിയെടുത്തതിന് പിന്നാലെയാണ് കമ്പനി സര്‍വീസുകള്‍ റദ്ദാക്കിയത്. 300 മുതിര്‍ന്ന ക്രൂ അംഗങ്ങള്‍ മുന്നറിയിപ്പ് കൂടാതെ സിക്ക് ലീവെടുത്തതോടെയാണ് കമ്പനി സര്‍വീസുകള്‍ റദ്ദാക്കിയത്.

അവധിയില്‍ പ്രവേശിച്ചതിന് പിന്നാലെ ക്രൂ അംഗങ്ങള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ കമ്പനിയില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യ ഏറ്റെടുത്തതിന് പിന്നാലെയുണ്ടായ തൊഴില്‍ മാനദണ്ഡങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. തൊഴില്‍ മാനദണ്ഡങ്ങള്‍ക്കെതിരെയുള്ള തൊഴിലാളികളുടെ പ്രതിഷേധമാണ് കൂട്ടത്തോടെയുള്ള അവധി.

ടാറ്റ ഗ്രൂപ്പുമായി ലയിച്ചതിന് ശേഷം നിരവധി തൊഴില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നതായി ക്രൂ അംഗങ്ങള്‍ വ്യക്തമാക്കി. തങ്ങള്‍ ജീവനക്കാരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്നും ഉടന്‍തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അറിയിച്ച കമ്പനി യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Read more

എത്രയും വേഗം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്. യാത്രക്കാര്‍ക്ക് പൂര്‍ണമായും ടിക്കറ്റിന്റെ തുക തിരികെ നല്‍കുകയോ അല്ലെങ്കില്‍ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് നല്‍കുകയോ ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കി. സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് നിരവധി യാത്രക്കാര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.