ഡൽഹി സംഘർഷം; അടിയന്തര യോ​ഗം ചേരുമെന്ന് കെ.സി വേണു​ഗോപാൽ

ഡൽഹിയിലെ സംഘർഷത്തെ തുടർന്ന് എഐസിസി ഓഫീസിൽ അടിയന്തര യോ​ഗം ചേരുമെന്ന് കെസി വേണു​ഗോപാൽ എംപി. ഒരു രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ കോൺ​ഗ്രസിനെ പ്രവർത്തിക്കാൻ പോലും അനുവദിക്കാത്ത തരത്തിലാണ് സർക്കാരിന്റെ സമീപനമെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു. ഇന്ത്യയുടെ പല ഭാ​ഗങ്ങളിലും സമരം നടക്കുന്നുണ്ട്.

ജനാധിപത്യ വിരുദ്ധ മാർ​ഗങ്ങളിലൂടെയാണ് കോൺ​ഗ്രസിനെ അടിച്ചമർത്തുന്നത്. നേതാക്കളുടെ അറസ്റ്റിലേക്ക് കാര്യങ്ങൾ പോയാൽ ഇതിലും വലിയ പ്രതിഷേധം സർക്കാർ കാണേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതിൽ ആശങ്കയില്ലന്നും. രാഹുൽ ഗാന്ധി മുൻ‌കൂർ ജാമ്യത്തിന് ശ്രമിക്കുന്നില്ലന്നും അദ്ദേഹം പറഞ്ഞു.

ഇ ഡി ബിജെപിയുടെ തെരഞ്ഞെടുപ്പ് വിഭാഗത്തിൻ്റെ ജോലിയാണ് ചെയ്യുന്നത്. എത്ര ദിവസം ഹാജരാകാൻ ആവശ്യപ്പെട്ടാലും ഹാജരായി മറുപടി നൽകും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ കേസിൽ കള്ളപ്പണം വെളുപ്പിക്കൽ വരുന്നില്ലന്നും ഒരാള് പോലും പണം കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ കോൺ​ഗ്രസിന്റെ ഇഡി ഓഫീസ് മാർച്ച് പൊലീസ് തടഞ്ഞതിനെതിരെ പ്രതിഷേധം തുടരുകയാണ്. ജെബി മേത്തർ ഉൾപ്പടെയുള്ള നേതാക്കളെ റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിൽ കയറ്റിയത്. എഐസിസി ആസ്ഥാനത്താണ് മഹിളാ കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്. വളരെ സമാധാനപരമായി നടത്തിയ മാർച്ചിൽ പൊലീസാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്ന് ജെബി മേത്തർ എം.പി പറഞ്ഞിരുന്നു.