രാജിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് രാഹുല്‍: ഗാന്ധി കുടുംബത്തിനു പുറത്ത് നിന്നൊരാളെ കണ്ടെത്താനും നിര്‍ദേശം; പാര്‍ട്ടിയില്‍ നേതൃത്വ പ്രതിസന്ധിയെന്ന് കെ.സി വേണുഗോപാല്‍

കോണ്‍ഗ്രസ് അദ്ധ്യക്ഷനായി തുടരാന്‍ താത്പര്യമില്ലെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി. അദ്ധ്യക്ഷ സ്ഥാനം രാജിവെയ്ക്കുമെന്ന മുന്‍ നിലപാടില്‍ രാഹുല്‍ ഗാന്ധി ഉറച്ചു നില്‍ക്കുകയാണെന്ന് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വ്യക്തമാക്കി.

ഇന്നലെ ചേര്‍ന്ന പാര്‍ട്ടി പാര്‍ലിമെന്ററി യോഗത്തില്‍ രാജി തീരുമാനത്തില്‍ നിന്നും പിന്മാറണമെന്ന് രാഹുലിനോട് നേതാക്കള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തില്‍ പുനരാലോചനയ്ക്ക് പോലും അദ്ദേഹം തയ്യാറായിട്ടില്ല. പാര്‍ട്ടിയുടെ നേതൃതലത്തില്‍ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെന്നും വേണുഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നേതാക്കളുടെ ആവശ്യം നിരസിച്ച രാഹുല്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാളെ കണ്ടെത്തണം എന്ന നേരത്തെയുള്ള നിലപാടില്‍ ഉറച്ചുനിന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാഹുല്‍ സ്ഥാനം ഒഴിയുകയാണെന്ന് വാശി പിടിക്കുന്നത്.

അതേസമയം, സംഘടനാതലത്തില്‍ രാഹുല്‍ അഴിച്ചു പണി തുടരുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വലിയ പരാജയം നേരിട്ട യു.പിയില്‍ ഇതിനോടകം പാര്‍ട്ടി ഘടകങ്ങള്‍ പിരിച്ചു വിട്ട് പുനസംഘടനയ്ക്ക് തുടക്കമിട്ടുണ്ട്. മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളിലും പുനഃസംഘടനയുമായി രാഹുല്‍ മുന്നോട്ട് പോകുകയാണ്.