കരൂർ ദുരന്തം "ദൗർഭാഗ്യകരമായ സംഭവം"; അനുശോചിച്ച് പ്രധാനമന്ത്രി

തമിഴ്നാട്ടിലെ കരൂരിൽ ടിവികെ അധ്യക്ഷന്‍ നടന്‍ വിജയ്‌യുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും നിരവധി പേർ മരണപ്പെട്ട സംഭവത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദൗർഭാഗ്യകരമായ സംഭവമെന്ന് മോദി എക്സിൽ കുറിച്ചു.

തമിഴ്‌നാട്ടിലെ കരൂരിൽ ഒരു രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദൗർഭാഗ്യകരമായ സംഭവം അങ്ങേയറ്റം ദുഃഖകരമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോടൊപ്പമാണ് എന്റെ ചിന്തകൾ. ഈ ദുഷ്‌കരമായ സമയത്ത് അവർക്ക് കരുത്ത് നേരുന്നു. പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

തിക്കിലും തിരക്കിലും 36 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. മരിച്ചവർ ആറ് കുട്ടികളും 16 സ്ത്രീകളും ഒൻപത് പുരുഷന്മാരുമാണ്. നിരവധി പേര്‍ കുഴഞ്ഞുവീണു. 58 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 12 പേരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ആരോഗ്യ മന്ത്രിയോട് കരൂരിലെത്താന്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ നിര്‍ദ്ദേശം നല്‍കി.

വിജയ്‌യുടെ കരൂർ റാലിയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ടിവികെ പ്രവർത്തകർ കുഴഞ്ഞു വീണതിന് പിന്നാലെ വിജയ് പ്രസംഗം നിർത്തിവച്ചു. വിജയ് പൊലീസിനോട് സഹായം ആവശ്യപ്പെട്ടു. പരിക്കേറ്റവരെ കരൂർ ഗവൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് വി‍ജയ് പ്രസം​ഗം പൂർത്തിയാക്കാതെ കാരവാനിലേക്ക് മടങ്ങി.

Read more

തിക്കിലും തിരക്കിലും പെട്ട് പലരും കുഴഞ്ഞുവീഴുന്നതിനാൽ പ്രസം​ഗത്തിനിടെ വിജയ് ടിവികെ നേതാക്കളോട് ആംബുലൻസ് വിളിക്കാൻ ആവശ്യപ്പെട്ടിരുന്നു. വിജയ് ഇടയ്ക്ക് ആൾക്കൂട്ടത്തിലേക്ക് വെള്ളക്കുപ്പികളും എറിഞ്ഞു കൊടുത്തിരുന്നു. ജനക്കൂട്ടം നിയന്ത്രണാതീതം ആയതോടെ പൊലീസിന്റെ സഹായം ആവശ്യപ്പെട്ട വിജയ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.