മുഴുവന്‍ വിമതരും അയോഗ്യര്‍; വിശ്വാസ വോട്ടെടുപ്പിനു മുമ്പ് കര്‍ണാടകത്തിലെ 14 വിമത എം.എല്‍.എമാരെയും അയോഗ്യരാക്കി

കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ തിങ്കളാഴ്ച വിശ്വാസവോട്ട് തേടാനിരിക്കെ 14 വിമ എം.എല്‍.എമാരെ കൂടി സ്പീക്കര്‍ കെ.ആര്‍ രമേഷ് കുമാര്‍ അയോഗ്യരാക്കി. 11 കോണ്‍ഗ്രസ് എം.എല്‍.എമാരെയും മൂന്ന് ജെ.ഡി.എസ് എം.എല്‍.എമാരെയുമാണ് അയോഗ്യരാക്കിയത്.

നേരത്തെ മൂന്ന് വിമത എം.എല്‍.എമാരെ അയോഗ്യരാക്കിയിരുന്നു. ഇതോടെ എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സഖ്യസര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് രാജിപ്രഖ്യാപിച്ച 17 വിമത എം.എല്‍.എമാരും അയോഗ്യരായി.

എംഎല്‍എമാരുടെ രാജി ചട്ടപ്രകാരമല്ലെന്നും അവര്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നതിന് തെളിവുണ്ടെന്നും നേരത്തെ സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. റോഷന്‍ ബെയ്ഗ്, ആനന്ദ് സിങ്, എച്ച്. വിശ്വനാഥ്, ശ്രീമന്ത് പാട്ടീല്‍, തുടങ്ങിയവര്‍ അയോഗ്യരായ എം.എല്‍.എമാരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.