കര്‍ണാടകയില്‍ ജീവശ്വാസത്തിനായി കോണ്‍ഗ്രസ്; മന്ത്രിമാര്‍ എല്ലാവരും രാജിവെച്ചേക്കും

കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന്റെ എല്ലാ മന്ത്രിമാരും രാജിവെച്ചേയ്ക്കുമെന്ന് റിപ്പോര്‍ട്ട്. രാവിലെ ബംഗളൂരുവില്‍ ജി. പരമേശ്വരയുടെ വസതിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെയും മന്ത്രിമാരുടെയും യോഗത്തിലാണ് തീരുമാനം. വിമതരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിമാരുടെ കൂട്ടരാജി. കെ.സി വേണുഗോപാലും യോഗത്തില്‍ പങ്കെടുത്തു.

കര്‍ണാടക സര്‍ക്കാര്‍ പ്രതിസന്ധി കോണ്‍ഗ്രസ് ലോക്‌സഭയില്‍ ഉന്നയിക്കും. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി വിമത കോണ്‍ഗ്രസ് എം.എല്‍.എ രാമലിംഗ റെഡ്ഡിയുമായി ചര്‍ച്ച നടത്തിയിരുന്നു. രാജിയില്‍ നിന്ന് പിന്മാറണമെന്ന് കുമാരസ്വാമി രാമലിംഗ റെഡ്ഡിയോട് ആവശ്യപ്പെട്ടു. രാമലിംഗ റെഡ്ഡി രാജി പിന്‍വലിച്ചേക്കുമെന്നാണ് സൂചന.

Read more

എന്നാല്‍ നേതൃത്വം വാഗ്ദാനം ചെയ്ത മന്ത്രിപദം വേണ്ടെന്ന നിലപാടിലാണ് വിമത എം.എല്‍.എമാരെന്ന സൂചനയും വരുന്നുണ്ട്. ഇതിനാല്‍ രാമലിംഗ റെഡ്ഡിക്ക് ഉപമുഖ്യമന്ത്രി പദവും മറ്റുള്ളവര്‍ക്ക് മന്ത്രിപദവും നല്‍കിയുള്ള പ്രശ്‌നപരിഹാരം പ്രതിസന്ധിയിലാകും.