ആർത്തവ അവധി നയത്തിന് അംഗീകാരം നൽകി കർണാടക സർക്കാർ. സംസ്ഥാനത്തുടനീളമുള്ള സർക്കാർ ഓഫീസുകൾ, ഐടി സ്ഥാപനങ്ങൾ, മറ്റ് സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ആർത്തവ സമയത്ത് സ്ത്രീകൾക്ക് പ്രതിമാസം ശമ്പളത്തോടുകൂടിയ ഒരു ദിവസത്തെ അവധിക്ക് അർഹതയുണ്ടായിരിക്കുന്നതാണ് നിയമം.
വനിതാ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും തൊഴിലിടങ്ങളിൽ എല്ലാവരെയും ഉൾക്കൊള്ളുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് നയമെന്ന് സർക്കാർ വ്യക്തമാക്കി. സർക്കാർ ഓഫീസുകൾ, ഐടി സ്ഥാപനങ്ങൾ, വസ്ത്രനിർമ്മാണ ശാലകൾ, ബഹുരാഷ്ട്ര കമ്പനികൾ, മറ്റ് സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഈ അവധി അനുവദിക്കണം.
Read more
2024ലാണ് ഇത് സംബന്ധിച്ച നിർദേശം ആദ്യം വരുന്നത്. വർഷത്തിൽ ആറ് ആർത്തവ അവധികളായിരുന്നു തുടക്കത്തിൽ നിർദേശിക്കപ്പെട്ടത്. പിന്നീടാണ് പ്രതിവർഷം പന്ത്രണ്ട് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി നൽകുന്ന നിലവിലെ നയത്തിലേക്ക് മാറിയത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും സമാനമായ നീക്കങ്ങൾ നടക്കുന്നുണ്ട്. ബിഹാറിലും ഒഡീഷയിലും 12 ദിവസത്തെ വാർഷിക ആർത്തവ അവധി സംസ്ഥാന സർക്കാർ ജീവനക്കാർക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.







