കര്‍ണാടകയില്‍ 'സര്‍ക്കാരിനെ നില നിര്‍ത്താന്‍ എന്തും ചെയ്യും'; വേണ്ടി വന്നാല്‍ എല്ലാ മന്ത്രിമാരും രാജിവെയ്ക്കുമെന്ന് കോണ്‍ഗ്രസ്

കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ സര്‍ക്കാരിനെ നില നിര്‍ത്താന്‍ എന്തും ചെയ്യുമെന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വര. വേണ്ടി വന്നാല്‍ എല്ലാ മന്ത്രിമാരും രാജിവെയ്ക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഇന്ന് അനൗദ്യോഗിക മന്ത്രിസഭായോഗം ചേരാനിരിക്കെ വിമതര്‍ക്ക് മന്ത്രിസ്ഥാനം നല്‍കാനായി കൂടുല്‍ മന്ത്രിമാരോട് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടേയ്ക്കും.

അതേസമയം അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി വിമത കോണ്‍ഗ്രസ് എം.എല്‍.എ രാമലിംഗ റെഡ്ഡിയുമായി ചര്‍ച്ച നടത്തി. രാജിയില്‍ നിന്ന് പിന്മാറണമെന്ന് കുമാരസ്വാമി, രാമലിംഗ റെഡ്ഡിയോട് ആവശ്യപ്പെട്ടു. രാമലിംഗ റെഡ്ഡി രാജി പിന്‍വലിച്ചേക്കുമെന്നാണ് സൂചന. രാവിലെ ജി. പരമേശ്വരയുടെ വസതിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെയും മന്ത്രിമാരുടെയും യോഗം ചേരുന്നുണ്ട്. ഈ യോഗത്തിനുശേഷം ഉപമുഖ്യമന്ത്രിയായ ജി. പരമേശ്വരയും മന്ത്രിമാരും രാജി പ്രഖ്യാപിക്കുമെന്നാണ് സൂചന.

എന്നാല്‍ നേതൃത്വം വാഗ്ദാനം ചെയ്ത മന്ത്രിപദം വേണ്ടെന്ന നിലപാടിലാണ് വിമത എം.എല്‍.എമാരെന്ന സൂചനയും വരുന്നുണ്ട്. ഇതിനാല്‍ രാമലിംഗ റെഡ്ഡിക്ക് ഉപമുഖ്യമന്ത്രി പദവും മറ്റുള്ളവര്‍ക്ക് മന്ത്രിപദവും നല്‍കിയുള്ള പ്രശ്‌നപരിഹാരം പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതുവരെ ജി. പരമേശ്വര അടക്കം അഞ്ചുപേരാണ് സ്വമേധയാ സ്ഥാനമൊഴിയാന്‍ തയ്യാറായി മുന്നോട്ട് വന്നിട്ടുള്ളത്.