കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പ്രധാനമന്ത്രിയോട് രാജിസന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്

കർണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ രാജിസന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്.  ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ്​ യെദിയൂരപ്പ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്​ രാജി സന്നദ്ധത അറിയിച്ചതായാണ് സൂചന.  നേതൃമാറ്റം ആവശ്യപ്പെട്ട് കർണാടകയിലെ എംഎൽഎമാരും മന്ത്രിമാരും മുറവിളി കൂട്ടുന്നതിനിടയിൽ ശനിയാഴ്ച അപ്രതീക്ഷിതമായി യെഡിയൂരപ്പ മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

എന്നാൽ യെദിയൂരപ്പ രാജിവെക്കില്ലെന്നും രണ്ടു വർഷം കൂടി അധികാരത്തിൽ തുടരുമെന്നും​ അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയതായി ഇന്ത്യ ടുഡേ റിപ്പോർട്ട്​ ചെയ്​തു. വാർത്തകൾ സംബന്ധിച്ച് ഇതുവരെ  ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ  സംസ്ഥാനത്തിന്റെ വികസന പദ്ധതികളാണ് ചർച്ച വിഷയമായതെന്നാണ് മോദിയെ സന്ദർശിച്ചശേഷം യെഡിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞത്. മകനൊപ്പം പ്രത്യേക വിമാനത്തിലാണ് യെഡിയൂരപ്പ ഡൽഹിയിലെത്തി മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് പാർട്ടി കേന്ദ്ര നേതൃത്വത്തോടു ചർച്ച ചെയ്യാനായിരുന്നു ഇതെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.

യെഡിയൂരപ്പയെ നീക്കണമെന്ന ആവശ്യവുമായി ചില മന്ത്രിമാരും എംഎൽഎമാരും മാസങ്ങളായി രംഗത്തുണ്ട്. മകൻ വിജയേന്ദ്രയാണ് ഭരണകാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.

അടുത്തിടെ, കർണാടകയുടെ ചുമതലയുള്ള ബിജെപി നേതാവ് അരുൺ സിങ് സംസ്ഥാനം സന്ദർശിച്ച് എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിക്ക് പാർട്ടി നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നും സർക്കാർ മികച്ച സേവനമാണ് കാഴ്ച വയ്ക്കുന്നതെന്നുമാണ് അദ്ദേഹം പറ‍ഞ്ഞത്. പാർട്ടി നേതൃത്വത്തിന്റെ എതിർപ്പ് അവഗണിച്ച് എംഎൽഎമാരും മന്ത്രിമാരും യെഡിയൂരപ്പയ്ക്കെതിരെയുള്ള ആക്രമണം തുടരുന്നതിനിടെയാണ് അദ്ദേഹം പ്രധാനമന്ത്രിയെ കണ്ടത്.