'ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണി'; കോണ്‍ഗ്രസിനെ നിരോധിക്കണമെന്ന് കര്‍ണാടക ബി.ജെ.പി അദ്ധ്യക്ഷന്‍

കോണ്‍ഗ്രസ് പാര്‍ട്ടി നിരോധിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക ബിജെപി അദ്ധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ രംഗത്ത്. കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന് സഹായം നല്‍കിയെന്നാണ് ബിജെപി നേതാവ് നളിന്‍ കുമാര്‍ കട്ടീലിന്റെ ആരോപണം. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യം നശിപ്പിക്കുമെന്ന് മഹാത്മാ ഗാന്ധിക്ക് ബോധ്യം ഉണ്ടായിരുന്നെന്നും അതിനാലാണ് പാര്‍ട്ടി പിരിച്ചുവിടാന്‍ ഗാന്ധി ആവശ്യപ്പെട്ടതെന്നും ബിജെപി നേതാവ് പറഞ്ഞു.

‘രാജ്യത്ത് കോണ്‍ഗ്രസിനെ നിരോധിക്കണം. പിഎഫ്ഐ, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ), കര്‍ണാടക ഫോറം ഫോര്‍ ഡിഗ്നിറ്റി (കെഎഫ്ഡി) തുടങ്ങിയ സംഘടനകള്‍ക്ക് കോണ്‍ഗ്രസ് സഹായം നല്‍കി വരികയാണ്. ഇത് ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാണ്’ നളിന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞു.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചതിന് പിന്നാലെയാണ് കര്‍ണാടക ബിജെപി അദ്ധ്യക്ഷന്റെ ഈ ആവശ്യം. തീവ്രവാദ ഫണ്ടിംഗുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്.

ക്യാമ്പസ് ഫ്രണ്ട്, റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍, ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസെഷന്‍, നാഷണല്‍ വുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട് എന്നീ അനുബന്ധ സംഘടനകളെയും കേന്ദ്രം ഇതിനൊപ്പം നിരോധിച്ചിരുന്നു.