ബി.ജെ.പിക്കായി കന്നഡിക നാട് ഇളക്കാന്‍ മോദിയും യോഗിയും; കോണ്‍ഗ്രസില്‍ രാഹുലും പ്രിയങ്കയും, പൈലറ്റിനെ വെട്ടിയ താരപ്രചാരക ലിസ്റ്റില്‍ ഇടംപിടിച്ച് ചെന്നിത്തല

കര്‍ണാടകയിലെ ഭരണം പിടിക്കാന്‍ താരപ്രചാരകരെയിറക്കി ബിജെപിയും കോണ്‍ഗ്രസും. ഇരു പാര്‍ട്ടികളും താരപ്രചാരകരായ 40 പേരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, നിധിന്‍ ഗഡ്കരി, പ്രഹ്‌ളാദ് ജോഷി, നിര്‍മല സീതാരാമന്‍, സ്മൃതി ഇറാനി, തുടങ്ങിയവര്‍ വിവിധ മണ്ഡലങ്ങളില്‍ റാലികളെ അഭിസംബോധന ചെയ്യും. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, ശിവരാജ് സിംഗ് ചൗഹാന്‍, ഹിമന്ത ബിശ്വ ശര്‍മ എന്നിവരും പ്രചാരണ പട്ടികയിലുണ്ട്.

കോണ്‍ഗ്രസിന്റെ താരപ്രചാരണത്തിന് നേതൃത്വം നല്‍കുന്നത് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാല്‍, സിദ്ധരാമയ്യ, ഡി.കെ. ശിവകുമാര്‍, ജയറാം രമേശ്, പി. ചിദംബരം, കനയ്യ കുമാര്‍ എന്നിവരാണ്. രാജസ്ഥാനില്‍ അശോക് ഗഹ്ലോട്ടുമായി പോര് തുടരുന്ന സച്ചിന്‍ പൈലറ്റിനെ പട്ടികയില്‍ നിന്നും വെട്ടിയിട്ടുണ്ട്. 2018ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സച്ചിന്‍ പൈലറ്റും സംസ്ഥാനത്തെ താരപ്രചാരകരുടെ പട്ടികയിലുണ്ടായിരുന്നു. ഗഹലോട്ടുമായി ഉടക്കിയതിന് പിന്നാലെയാണ് ഇദ്ദേഹത്തെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്‌. കേരളത്തില്‍ നിന്നുള്ള ശശി തരൂരും രമേശ് ചെന്നിത്തലയും താരപ്രചാരകരുടെ പട്ടികയില്‍ ഉണ്ട്.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ ഭൂപേഷ് ഭാഗേലിനും സുഖ്വിന്ദര്‍ സിംഗ് സുഖുവിനും പുറമേ അശോക് ഗഹലോട്ടും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ബി.ജെ.പി. വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും പട്ടികയിലുണ്ട്. പാര്‍ട്ടി വിട്ട കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ മുന്‍ മാനേജരും സിനിമാതാരവുമായിരുന്ന ദിവ്യ സ്പന്ദനയും നാല്‍പ്പതുപേരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.