ലഡാക്കിന്റെ ഭാഗമാക്കുന്നതിനെ എതിര്‍ത്ത് കാര്‍ഗില്‍ നിവാസികള്‍; പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

കേന്ദ്ര ഭരണപ്രദേശമായ ലഡാക്കിന്റെ ഭാഗമാക്കുന്നതിരെ പ്രതിഷേധിച്ച് കാര്‍ഗില്‍ സ്വദേശികള്‍. ദ്രാസും കാര്‍ഗിലും ഉള്‍പ്പെട്ട ജില്ല ലഡാക്കിനോട് ചേര്‍ക്കുന്നതിനെതിരെ ഒരാഴ്ചയോളം പ്രതിഷേധം നടന്നിരുന്നു.കാര്‍ഗില്‍ നിവാസികളുടെ പ്രതിഷേധം തണുപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി മലയോരമേഖലകള്‍ക്ക് നല്കുന്ന പ്രത്യേക ആനുകൂല്യങ്ങള്‍ നിലനിര്‍ത്തും എന്ന വാഗ്ദാനമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

കാര്‍ഗില്‍ ആക്ഷന്‍ കൗണ്‍സിലുമായി ചീഫ് സെക്രട്ടറി ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. പുറമേ നിന്നുള്ളവര്‍ ജോലിയും ഭൂമിയും കൈക്കലാക്കും എന്നാണ് ഇവിടുത്തെ ആളുകളുടെ ആശങ്ക. ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചാണ് ജനങ്ങളുടെ പ്രതിഷേധം സംഘടിപ്പിക്കുന്നത്. അന്‍ജുമന്‍ ഇ ജമാഅത്ത് ഉലമയുടെ നേതൃത്വത്തിലാണ് സമരം  സംഘടിപ്പിക്കുന്നത്. ഇവരുടെ ആസ്ഥാനമാണ് സമര കേന്ദ്രം.

ഒന്നരലക്ഷം കാര്‍ഗില്‍ നിവാസികളില്‍ 90 ശതമാനവും മുസ്ലിം വിഭാഗത്തില്‍പ്പെട്ട ഷിയകളാണ്.  ഇന്ത്യയോട് ചേര്‍ന്ന് നില്‍ക്കണം എന്ന നിലപാടാണ് ഷിയകളുടേത്. ലഡാക്കുമായി ചേരാന്‍ ചില വ്യവസ്ഥ വെച്ചതായി ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വം വ്യക്തമാക്കി.

കശ്മീര്‍ താഴ്‌വരയിലേതു പോലെ ഇവിടുത്തെ സമരനേതാക്കളെ തടങ്കലില്‍ ആക്കിയിട്ടില്ല. ഡാര്‍ജിലിംഗിനു സമാനമായ ചില അവകാശങ്ങള്‍ പരമ്പരാഗത താമസക്കാര്‍ക്ക് നല്‍കുകയെന്ന ലഡാക്ക് നിവാസികളുടെ നിര്‍ദ്ദേശം കേന്ദ്രം പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.