പൗരത്വ നിയമത്തിനെതിരെ പ്രസംഗിച്ചു; ഡോക്ടർ കഫീൽ ഖാന് എതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ്

 

2017- ൽ സർക്കാർ ആശുപത്രിയിൽ 60 കുട്ടികളുടെ മരണത്തെ തുടർന്ന് അന്യായമായി ജയിലിൽ കിടക്കേണ്ടി വന്ന ഉത്തർപ്രദേശ് ഡോക്ടർ കഫീൽ ഖാനെതിരെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രസംഗിച്ചതിന് ദേശീയ സുരക്ഷാ നിയമപ്രകാരം (എൻ‌എസ്‌എ) കേസെടുത്തു. കഴിഞ്ഞ വർഷം അലിഗഡ് മുസ്ലിം സർവകലാശാലയിലാണ് കഫീൽ ഖാൻ പ്രസംഗിച്ചത്.

എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം മുംബൈ വിമാനത്താവളത്തിൽ നിന്ന് ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് കഫീൽ ഖാന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തെ ഇതുവരെ വിട്ടയച്ചിട്ടില്ല.

സർവകലാശാലയിലെ സമാധാനപരമായ അന്തരീക്ഷം ഇല്ലാതാക്കാനും സാമുദായിക ഐക്യത്തെ തകർക്കാനും ഡോ. കഫീൽ ഖാൻ ശ്രമിച്ചതായി ഡിസംബർ 13- ന് സമർപ്പിച്ച എഫ്‌ഐആർ പറയുന്നു.

ഡോ. ഖാനെതിരെ കേസ് രജിസ്റ്റർ ചെയ്ത് രണ്ട് ദിവസത്തിന് ശേഷം അലിഗഡ് മുസ്ലിം സർവകലാശാലയിൽ വലിയ തോതിലുള്ള ഏറ്റുമുട്ടലുകൾ ഉണ്ടായി. പൊലീസ് അക്രമത്തിൽ ഏർപ്പെടുകയും ഇരുചക്ര വാഹനങ്ങൾ തകർത്തതായും വിദ്യാർത്ഥികളെ ആക്രമിക്കുന്നതായും വീഡിയോയിൽ കണ്ടു.

ക്രമസമാധാനം തടസ്സപ്പെടുമെന്നോ ഇന്ത്യയുടെ സുരക്ഷയെയോ വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തെയോ അപകടത്തിലാക്കുമെന്നോ സംശയിക്കുന്നുവെങ്കിൽ ഒരു വർഷം വരെ വ്യക്തികളെ കോടതിയിൽ ഹാജരാക്കാതെ തടവിൽ വെയ്ക്കാൻ 1980- ൽ അവതരിപ്പിച്ച കർശനമായ ദേശീയ സുരക്ഷാ നിയമ പ്രകാരം സർക്കാരിനെ അധികാരപ്പെടുത്തുന്നു.