കർഷകരുടെ പ്രതിഷേധ സ്ഥലത്ത് നിന്ന് അറസ്റ്റിലായ പത്രപ്രവർത്തകൻ മന്ദീപ് പുനിയയ്ക്ക് ജാമ്യം

ഡൽഹിക്കും ഹരിയാനയ്ക്കുമിടയിൽ സിംഘു അതിർത്തിയിൽ കർഷക പ്രതിഷേധം നടക്കുന്ന സ്ഥലത്ത് നിന്ന് ഞായറാഴ്ച അറസ്റ്റിലായ സ്വാതന്ത്ര മാധ്യമ പ്രവർത്തകൻ മന്ദീപ് പുനിയയ്ക്ക് ഡൽഹി കോടതി ജാമ്യം അനുവദിച്ചു. 25,000 രൂപ കെട്ടിവെയ്ക്കണമെന്ന നിബന്ധനയിലാണ് മന്ദീപ് പുനിയയ്ക്ക് ജാമ്യം അനുവദിച്ചത്.

ജാമ്യം ഒരു ചട്ടമാണെന്നും ജയിൽ ഒരു അപവാദമാണെന്നുമുള്ളത് പ്രസക്തമായ തർക്കമില്ലാത്ത നിയമ തത്വമാണെന്ന് ജാമ്യ ഉത്തരവിൽ പറയുന്നു.

കർഷകരുടെ പ്രതിഷേധം റിപ്പോർട്ട് ചെയ്യുകയായിരുന്ന മന്ദീപ് പുനിയ, ധർമേന്ദ്ര സിംഗ് എന്നീ മാധ്യമ പ്രവർത്തകരെ ശനിയാഴ്ച രാത്രി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അവിടെ നിലയുറപ്പിച്ച പൊലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി എന്നാരോപിച്ചായിരുന്നു കസ്റ്റഡി. സത്യവാങ്‌മൂലത്തിൽ ഒപ്പുവെപ്പിച്ച ശേഷം ധർമേന്ദ്ര സിംഗിനെ വിട്ടയച്ചിരുന്നു. എന്നാൽ മന്ദീപ് പുനിയയെ തടവിൽ വെച്ചു.

പൊതുസേവകനെ അവന്റെ / അവളുടെ ചുമതല നിർവഹിക്കുന്നതിൽ നിന്ന് തടസ്സപ്പെടുത്താൻ  ക്രിമിനൽ ബലം പ്രയോഗിക്കുന്നതുൾപ്പെടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) ഒന്നിലധികം വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് മന്ദീപിനെതിരെ പൊലീസ് ചുമത്തിയത്.