ജിഗ്നേഷ് മേവാനിക്ക് ജാമ്യം

അസം പൊലീസ് അറസ്റ്റ് ചെയ്ത സ്വതന്ത്ര ദളിത് എംഎല്‍എ ജിഗ്നേഷ് മേവാനിയ്ക്ക് രണ്ടാമത്തെ കേസിലും ജാമ്യം. പൊലീസ് ഉദ്യോഗസ്ഥയെ അപമാനിച്ചെന്ന കേസിലാണ് അസം കോടതി ജാമ്യം അനുവദിച്ചത്.

പൊലീസ് ഉദ്യോഗസ്ഥരെ പൊതുമധ്യത്തില്‍ അസഭ്യം പറയുകയും സ്വമേധയാ പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്ന കേസില്‍ ബര്‍പേട്ട പൊലീസ് സ്റ്റേഷനില്‍ ഏപ്രില്‍ 21നാണ് ജിഗ്നേഷ് മേവാനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വീറ്റിട്ടതിന് അസം പൊലീസ് ഗുജറാത്തിലെത്തി മേവാനിയെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യം ലഭിച്ച് പുറത്തുവന്ന ഉടനെയാണ് രണ്ടാമത്തെ കേസില്‍ വീണ്ടും അറസ്റ്റിലായത്.

അറസ്റ്റ് ചെയ്ത് കൊണ്ടുപോയതിനിടെ പൊലീസുദ്യോഗസ്ഥയെ അപമാനിച്ചുവെന്നായിരുന്നു ആരോപണം. കയ്യേറ്റ ശ്രമം, പൊതുസ്ഥലത്ത് അശ്ലീല പദങ്ങളുപയോഗിച്ചോ പ്രവൃത്തി കാണിച്ചോ അപമാനിക്കല്‍, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരുന്നത്.