ശുക്രനും ചൊവ്വയും ഐഎസ്ആര്‍ഒയുടെ അടുത്ത ലക്ഷ്യം; ചന്ദ്രയാന്‍ പൂര്‍ണവിജയം; പ്രധാനമന്ത്രിയുടെ വീക്ഷണങ്ങള്‍ നടപ്പിലാക്കുമെന്ന് എസ് സോമനാഥ്

ഐഎസ്ആര്‍ഒയുടെ അടുത്ത ലക്ഷ്യം ശുക്രനും ചൊവ്വയുമെന്ന് ചെയര്‍മാന്‍ എസ് സോമനാഥ്. ചന്ദ്രയാന്‍ മൂന്നിന്റെ വിജയം ഇന്ത്യാക്കാരുടെ മുഴുവന്‍ അഭിമാനമാണ്. റോവര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചന്ദ്രയാന്‍ മൂന്ന് നല്‍കുന്ന കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവിടുമെന്നും അദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

ചന്ദ്രയാന്‍ എന്നത് ഞങ്ങളെ സംബന്ധിച്ചോളം സോഫ്റ്റ് ലാന്‍ഡിങ് മാത്രമല്ല, മറ്റെല്ലാ കാര്യങ്ങളും 100 ശതമാനം വിജയകരമാണ്. രാജ്യം മുഴുവന്‍ ഇതില്‍ അഭിമാനിക്കുന്നു. അതിന്റെ ഭാഗമായതില്‍ സന്തോഷം. നമുക്ക് ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമെല്ലാം യാത്ര ചെയ്യാനുള്ള കഴിവുണ്ട്.

അതിനുള്ള ആത്മവിശ്വാസം വര്‍ധിപ്പിക്കണം, ഇന്‍വെസ്റ്റ്‌മെന്റ് കൂടണം, സ്പേസ് സെക്ടര്‍ വലുതാകണം, രാജ്യത്തിന് കൂടുതല്‍ പുരോഗതിയുണ്ടാകണം. ഇതൊക്കെയാണ് ഞങ്ങളുടെ ലക്ഷ്യം. പ്രധാനമന്ത്രി തന്ന വിഷന്‍ കൂടുതല്‍ ഭംഗിയായി നടത്താന്‍ ഞങ്ങള്‍ ഒരുങ്ങിയിരിക്കുകയാണെന്നുംഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു.

പ്രധാനമന്ത്രി നേരിട്ടെത്തി തങ്ങളെ ഓരോരുത്തരെയും കണ്ടു സംസാരിച്ചതായും ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡിങ് സൈറ്റിന് പേര് നല്‍കിയതായും അദ്ദേഹം അറിയിച്ചു. ചൊവ്വയിലേക്കും ശുക്രനിലേക്കുമെല്ലാം മിഷനുകള്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ വീക്ഷണം നടപ്പിലാക്കുക എന്നതാണ് ഐഎസ്ആര്‍ഒയുടെയും രാജ്യത്തിന്റെയും ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.