ശുക്രനിലേക്കും ചൊവ്വയിലേക്കും പറന്നിറങ്ങാന്‍ ഐഎസ്ആര്‍ഒ; തയാറെടുപ്പുകള്‍ ആരംഭിച്ചു; അടുത്ത ലക്ഷ്യം പ്രഖ്യാപിച്ച് എസ് സോമനാഥ്

ചന്ദ്രനിലേക്കും സൂര്യനിലേക്കുമുള്ള വിജകരമായ ബഹിരാകാശ ദൗത്യത്തിന് ശേഷം
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ഐഎസ്ആര്‍ഒ) ലക്ഷ്യം ശുക്രനും ചൊവ്വയുമെന്ന് ചെയര്‍മാന്‍ എസ് സോമനാഥ്. നാസയുമായി ചേര്‍ന്നുള്ള നിസാര്‍ (നാസഇസ്‌റോ സിന്തറ്റിക് അപ്പാര്‍ച്ചര്‍ റഡാര്‍) വിക്ഷേപണത്തിന് അനുമതിയായിട്ടുണ്ട്. 2024 ജനുവരിയില്‍ ആ വിക്ഷേപണം നടക്കും. ജപ്പാനുമായി ചേര്‍ന്നുള്ള ലുപെക്‌സ് ദൗത്യത്തിന് അനുമതിയായിട്ടില്ല.

അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ശുക്രനിലേക്കുള്ള ദൗത്യത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ശുക്രനിലെത്തി ലാന്‍ഡ് ചെയ്യണമോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്തി വിശദമായ പദ്ധതിരേഖ തയാറാക്കുന്നുണ്ട്. വൈകാതെ ഈ ദൗത്യത്തിന് അനുമതി ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു.

ചന്ദ്രനിലേക്കുള്ള നാലാം ദൗത്യം, ചൊവ്വയിലേക്കുള്ള രണ്ടാം ദൗത്യം തുടങ്ങിയവയും ചര്‍ച്ചയിലുണ്ട്. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയതു പോലെ ചൊവ്വയിലും ഇറങ്ങുന്നതിനെക്കുറിച്ചും ആലോചനയുണ്ടെന്ന് അദേഹം പറഞ്ഞു.

അതേസമയം, ഇന്ത്യയുടെ ആദ്യ സൗര ദൗത്യത്തിന് തുടക്കം കുറിച്ചു കൊണ്ട് ആദിത്യ എല്‍ 1 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് കൃത്യം 11.50ന് ബഹിരാകാശ പേടകം വിക്ഷേപിച്ചതായി ഇസ്രൊ സ്ഥിരീകരിച്ചു. സൗരദൗത്യം നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. വിക്ഷേപിച്ച് ഒരു മണിക്കൂറിനു ശേഷമാണ് പേടകം റോക്കറ്റില്‍ നിന്ന് വേര്‍പ്പെട്ട് ഭ്രമണപഥത്തിലെത്തുക. ഭൂമിക്കും സൂര്യനും ഇടയിലുള്ള സാങ്കല്‍പ്പിക പോയിന്റായ ഒന്നാം ലഗ്രാഞ്ചാണ് ആദിത്യ ലക്ഷ്യമിടുന്നത്. അമേരിക്ക, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളാണ് ഇതിനു മുന്‍പ് സൗരദൗത്യം നടത്തിയിട്ടുള്ളത്.

125 ദിവസമെടുത്ത് 15 ലക്ഷം കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് പേടകം ഈ പോയിന്റിലെത്തുക. വിക്ഷേപണത്തിനു ശേഷം ഭൂമിയില്‍ നിന്ന് ഏറ്റവും കൂടിയ അകലമായ 19,500 കിലോമീറ്ററും കുറഞ്ഞ അകലമായ 253 കിലോമീറ്ററും വരുന്ന ദീര്‍ഘ വൃത്ത ഭ്രമണപഥത്തില്‍ എത്തുന്ന പേടകത്തെ പിന്നീട് ഘട്ടം ഘട്ടമായി ലക്ഷ്യസ്ഥാനത്തെത്തിക്കാമെന്നാണ് പ്രതീക്ഷ. ഗ്രഹണം അടക്കമുള്ള തടസ്സങ്ങള്‍ ഇല്ലാതെ സൂര്യനെ നിരന്തരമായി നിരീക്ഷിക്കുവാന്‍ ഈ പോയിന്റിലെത്തുന്നതോടെ സാധിക്കുമെന്നാണ് ഇസ്രോയുടെ പ്രതീക്ഷ.

സൂര്യനെയും അതു മൂലമുള്ള ബഹിരാകാശ കാലാവസ്ഥയുടെ വ്യതിയാനങ്ങളെയും പേടകം വഴി നിരീക്ഷിക്കാന്‍ കഴിയും. ഫോട്ടോസ്ഫിയര്‍, ക്രോമോസ്ഫിയര്‍, സൂര്യന്റെ ഏറ്റവും പുറമേയുള്ള ഭാഗമായ കൊറോണം എന്നിവയെ വൈദ്യുതി കാന്തിക, കണിക, കാന്തിക മണ്ഡലം ഡിറ്റക്റ്ററുകള്‍ വഴി നിരീക്ഷിക്കുന്നതിനായി 7 പേലോഡുകള്‍ പേടകത്തിലുണ്ടായിരിക്കും. ഇതില്‍ 4 പേലോഡുകള്‍ നേരിട്ട് സൂര്യനെ നിരീക്ഷിച്ചു കൊണ്ടിരിക്കും.