കേന്ദ്രമന്ത്രിമാരടക്കം ഉന്നതരുടെ ഫോൺ 'പെഗാസസ്' ചോർത്തിയതായി സുബ്രഹ്മണ്യൻ സ്വാമി

ഇസ്രയേല്‍ നിർമ്മിത ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് മോദി മന്ത്രിസഭയിലെ മന്ത്രിമാർ, ആർ‌എസ്‌എസ് നേതാക്കൾ, സുപ്രീം കോടതി ജഡ്ജിമാർ, പത്രപ്രവർത്തകർ എന്നിവരുടെ ഫോണുകൾ ചോര്‍ത്തിയതായി അഭ്യൂഹമുണ്ടെന്ന് രാജ്യസഭാ എം.പി സുബ്രഹ്മണ്യന്‍ സ്വാമി.

വാഷിങ്ടണ്‍ പോസ്റ്റ്, ഗാര്‍ഡിയന്‍ എന്നീ മാധ്യമങ്ങള്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് ശക്തമായ അഭ്യൂഹം എന്നും ഇത് സ്ഥിരീകരിച്ചാൽ താൻ പട്ടിക പ്രസിദ്ധീകരിക്കുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.

പെഗാസസ് ഉപയോഗിച്ച് ഇന്ത്യക്കാരായ വാട്‌സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി 2019ല്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പത്രപ്രവര്‍ത്തകരും വിവരാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെടെ 121 പേരുടെ ഫോണുകളില്‍ പെഗാസസ് നുഴഞ്ഞുകയറിയതായി വാട്‌സ്ആപ്പ് ആണ് അന്ന് കേന്ദ്ര സര്‍ക്കാരിന് റിപ്പോർട്ട് നല്‍കിയത്.