ശബരിമല നിയമപ്രശ്നങ്ങള്‍ വിശാല ബെഞ്ചിന് വിട്ടത് നിയമപരമോ? സുപ്രീം കോടതി ഇന്ന് വിധി പറയും

ശബരിമല നിയമപ്രശ്നങ്ങള്‍ വിശാല ബെഞ്ചിന് വിട്ട നടപടി നിയമപരമാണോയെന്ന കാര്യത്തില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. പുനഃപരിശോധന വിധിയില്‍ പരാമര്‍ശിച്ച നിയമപ്രശ്നങ്ങളും കോടതി ഇന്ന് തീര്‍ച്ചപ്പെടുത്തും. ‌ബുധനാഴ്ച മുതല്‍ വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ നേരത്തെ വ്യക്തമാക്കിയിരുന്നു.

കോടതി പുറപ്പെടുവിച്ച ഒരു വിധി ‌പുനഃപരിശോധിക്കുന്നുണ്ടെന്ന് തീരുമാനിക്കാതെ വിശാല ബെഞ്ചിന് വിടാന്‍ ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചിന് അധികാരമുണ്ടോയെന്ന കാര്യത്തിലാണ് സുപ്രീം കോടതി ഇന്ന് വിധി പറയുക. ഇക്കാര്യത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച് ഇന്ന് രാവിലെ 10.30ക്ക് വിധി പറയും.

ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജി പരിഗണിച്ച മുന്‍ ചീഫ് ജസ്റ്റിസിന്റെ വിധി സംബന്ധിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്. നരിമാനാണ് നിയമ പ്രശ്നം ഉന്നയിച്ചത്. ഇതിനെ തുടര്‍ന്ന് സുപ്രീം കോടതി വാദം കേള്‍ക്കാനായി ഒരു ദിവസമാണ് നീക്കിവെച്ചത്. അതേസമയം വിധി എന്തായാലും പുനഃപരിശോധന വിധിയിലെ ‌നിയമപ്രശ്നങ്ങളില്‍ വാദം കേള്‍ക്കുമെന്നും അക്കാര്യങ്ങൾ ഇന്ന് തീര്‍ച്ചപ്പെടുത്തുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. ഇതുവഴി ‌മുന്‍ ചീഫ് ജസ്റ്റിസിന്റെ വിധി നിലനില്‍ക്കുമെന്ന സൂചനയാണ് കോടതി നല്‍കിയിരുന്നത്. ഇന്ന് രാവിലെ പത്തരക്ക് പത്ത് ദിവസത്തില്‍ കൂടുതല്‍ വാദം കേള്‍ക്കില്ലെന്ന് ‌ചീഫ് ജസ്റ്റിസ് നേരത്തെ വ്യക്തമാക്കിയിരുന്നു.