ഭീകരവാദത്തോട് ഇന്നും എന്നും അസഹിഷ്ണുത തന്നെ; ഇന്ത്യന്‍ നയത്തിന് മാറ്റമില്ല; യുഎന്നില്‍ പാകിസ്ഥാന് ഇന്ത്യയുടെ പരോക്ഷ സന്ദേശം

ഭീകരവാദത്തോട് അസഹിഷ്ണുത പുലര്‍ത്തുമെന്ന ഇന്ത്യന്‍ നയത്തിന് മാറ്റമില്ലെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. ഭീകരതയെ വെള്ളപൂശാനുള്ള ഒരു ശ്രമത്തിനും അവര്‍ വീഴ്ത്തിയ രക്തക്കറ മായ്ക്കാനാവില്ലെന്നും വിദേശകാര്യമന്ത്രി യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് പറഞ്ഞു.

ഭീകരതയ്ക്ക് പിന്തുണയേകുന്ന രാജ്യങ്ങള്‍ക്കെതിരായ യുഎന്‍ നീക്കങ്ങള്‍ക്ക് തടയിടുന്നവര്‍ സ്വന്തം നാശത്തിനാണ് വഴിതെളിക്കുന്നത്. ചൈനയ്ക്കും പാക്കിസ്ഥാനുമുള്ള പരോക്ഷ സന്ദേശമായി ജയശങ്കര്‍ പറഞ്ഞു.

യു.എന്‍ ജനറല്‍ അസംബ്ലിയില്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിലും ഇന്ത്യ നിലപാട് വ്യക്തമാക്കി . നയതന്ത്ര ചര്‍ച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ആവശ്യപ്പെട്ടു

ഇന്ത്യ സമാധാനത്തിന്റെ പക്ഷത്ത് ഉറച്ചുനില്‍ക്കുന്നതായി മന്ത്രി പറഞ്ഞു. ഞങ്ങള്‍ ആരുടെ പക്ഷത്താണെന്ന് പലപ്പോഴും ചോദിക്കാറുണ്ട്. ഞങ്ങളുടെ ഉത്തരം വളരെ സത്യസന്ധമായിരുന്നു. ഇന്ത്യ സമാധാനത്തിന്റെ പക്ഷത്ത് ഉറച്ച് നില്‍ക്കുന്നു- ജയശങ്കര്‍ പറഞ്ഞു. യു.എനിനെയും അതിന്റെ സ്ഥാപക തത്വങ്ങളെയും ഇന്ത്യ ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.