കർഷക സമരം; ഹരിയാനയിലെ ഇൻ്റർനെറ്റ് നിരോധനം നീട്ടി

ഹരിയാനയിൽ സർക്കാർ ഏർപ്പെടുത്തിയ ഇൻ്റർനെറ്റ് നിരോധനം നീട്ടി. ഫെബ്രുവരി 19 വരെ ഏഴ് ജില്ലകളിൽ മൊബൈൽ ഇൻ്റർനെറ്റ്, ബൾക്ക് എസ്എംഎസ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. കർഷക പ്രക്ഷോഭത്തെ തുടർന്ന് ഈ മാസം 11 മുതലാണ് ഹരിയാനയിൽ ഇൻ്റർനെറ്റ് നിരോധിച്ചത്.

അംബാല, കുരുക്ഷേത്ര, കൈതാൽ, ജിന്ദ്, ഹിസാർ, ഫത്തേഹാബാദ്, സിർസ എന്നീ ജില്ലകളിലാണ് നിരോധനം. സംസ്ഥാനത്തെ ക്രമസമാധാന നില വിലയിരുത്തിയ ശേഷമാണ് തീരുമാനമെന്ന് ഹരിയാന അഡീഷണൽ ചീഫ് സെക്രട്ടറി ടിവിഎസ്എൻ പ്രസാദ് അറിയിച്ചു. ഇൻ്റർനെറ്റ് സേവനങ്ങൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഏറെയാണെന്നും പൊതു ക്രമം തകരാൻ സാധ്യതയുണ്ടെന്നും ഉത്തരവിൽ പറയുന്നു.

അതേസമയം, പഞ്ചാബ്-ഹരിയാന അതിർത്തിയിലെ കർഷക സമരം ആറാം ദിവസത്തിലേക്ക് കടന്നു. സമരം അവസാനിപ്പിക്കാൻ കേന്ദ്ര സര്‍ക്കാർ ഇന്ന് കര്‍ഷക സംഘടന നേതാക്കളുമായി ചർച്ച നടത്തും. വൈകിട്ട് 6 മണിക്ക് ചണ്ഡീഗഡിലാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്ര മന്ത്രിമാരായ അര്‍ജുന്‍ മുണ്ഡ, പീയുഷ് ഗോയല്‍, നിത്യാനന്ദ റായ് എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ചര്‍ച്ചയില്‍ ഉണ്ടാകും.