മലയാളി പൊലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍; ബിജെപി ഭരണകൂടത്തിന്റെ 'അഴിമതി' മൂടല്‍ ശ്രമത്തില്‍ പ്രതിഷേധം ഉയര്‍ത്തി പ്രതിപക്ഷം

അനധികൃതഖനനം തടയുന്നതിനിടെ മലയാളി ഐപിഎസ് ഉദ്യോഗസ്ഥയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനെതിരെ പ്രതിഷേധം കനക്കുന്നു. മഹാരാഷ്ട്രയിലെ സോലാപുരില്‍ മണ്ണ് ഖനനം നടത്തുന്നത് അന്വേഷിക്കാനെത്തിയ ഐപിഎസ് ഉദ്യോഗസ്ഥയെയാണ് മഹാരാഷ്ട്ര സര്‍ക്കാരിലെ ഉപമുഖ്യമന്ത്രി അജിത് പവാര്‍ ഫോണില്‍ പരസ്യമായി വിളിച്ചു ശാസിച്ചത്. സോളാപുരിലെ അനധികൃതഖനനം തടയാനെത്തിയ മലയാളി ഐപിഎസ് ഉദ്യോഗസ്ഥയായ വി എസ് അഞ്ജന കൃഷ്ണയെയാണ് അജിത് പവാര്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. വിഡിയോ വൈറലായതോടെ മഹാരാഷ്ട്രയില്‍ വിവാദം കത്തുകയാണ്.

അജിത് പവാര്‍ ഐപിഎസ് ഉദ്യോഗസ്ഥയുമായി ഫോണില്‍ സംസാരിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായി മാറിയത്. ഇതോടെ അജിത് പവാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടികളും രംഗത്തെത്തി. ഡിവൈഎസ്പിയായ മലയാളി ഐപിഎസ് ഉദ്യോഗസ്ഥ അഞ്ജന കൃഷ്ണയെയാണു ഉപമുഖ്യമന്ത്രിയും എന്‍സിപി അധ്യക്ഷനുമായ അജിത് പവാര്‍ പരസ്യമായി ശാസിച്ചത്. സോലാപുരിലെ കര്‍മല ഗ്രാമത്തിലെ റോഡ് നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട് അനധികൃതമായി മണ്ണ് ഖനനം ചെയ്യുന്നെന്ന പരാതിയിലാണു ഡിവൈഎസ്പി അഞ്ജന കൃഷ്ണ സ്ഥലത്തെത്തിയത്. ഇവിടെയുണ്ടായിരുന്ന എന്‍സിപി നേതാവ് ബാബ ജഗ്താപ്, ഉപമുഖ്യമന്ത്രി അജിത് പവാറിനെ വിളിച്ച് ഫോണ്‍ അഞ്ജനയ്ക്കു കൈമാറി. തുടര്‍ന്നാണു പൊലീസ് ഉദ്യോഗസ്ഥയും മന്ത്രിയും ചൂടേറിയ വാക്കുതര്‍ക്കമുണ്ടായത്.

ഐപിഎസ് ഉദ്യോഗസ്ഥയുമായി എന്‍സിപി പ്രവര്‍ത്തകന്റെ ഫോണിലാണ് അജിത് പവാര്‍ സംസാരിച്ചത്. ഉപമുഖ്യമന്ത്രിയാണു സംസാരിക്കുന്നതെന്നുംം ഖനനം തടയുന്ന നടപടി നിര്‍ത്തിവയ്ക്കണമെന്നുമാണ് അജിത് പവാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അജിത് പവാറിന്റെ ശബ്ദം തിരിച്ചറിയാന്‍ കഴിയാതിരുന്ന അഞ്ജന, തന്റെ നമ്പറിലേക്ക് വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കുപിതനായ ഉപമുഖ്യമന്ത്രി, ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി സ്വീകരിക്കുമെന്നു പറഞ്ഞു. അഞ്ജനയുടെ നമ്പറും വാങ്ങിച്ചു. ഇതിനുശേഷം അഞ്ജനയെ വിഡിയോ കോളില്‍ വിളിച്ച ഉപമുഖ്യമന്ത്രി, പൊലീസ് നടപടികള്‍ നിര്‍ത്തിവയ്ക്കാനും തഹസില്‍ദാറിനോട് കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

”നിങ്ങള്‍ക്ക് എന്നെ കാണണം അല്ലേ. നിങ്ങളുടെ നമ്പര്‍ തരൂ, അല്ലെങ്കില്‍ എന്നെ വാട്സാപ്പില്‍ വിളിക്കൂ. അപ്പോള്‍ നിങ്ങള്‍ക്ക് എന്റെ മുഖം മനസിലാകും. ഇതുപോലെ സംസാരിക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ ധൈര്യംവന്നു” എന്നും അജിത് പവാര്‍ ചോദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അജിത് പവാറിനെതിരെ ഉയര്‍ന്ന ഭീഷണി വിവാദത്തില്‍ അദ്ദേഹത്തെ ന്യായീകരിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എന്‍സിപി. അതേസമയം, അജിത് പവാറിന്റെ രാജി ആവശ്യപ്പെട്ട് ശിവസേന ഉദ്ധവ് വിഭാഗം രംഗത്തെത്തി. ഐപിഎസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ ധാര്‍മികമായ അവകാശമില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. അജിത് പവാര്‍ മഹാരാഷ്ട്രയെ കള്ളന്മാരുടെ സംസ്ഥാനമാക്കി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു. അജിത് പവാര്‍ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണെന്നും തന്റെ പാര്‍ട്ടിയിലെ ‘കള്ളന്മാരെ’ സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. ”നിങ്ങള്‍ ഒരു ഐപിഎസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തുകയാണ്. അച്ചടക്കമില്ലായ്മ താന്‍ സഹിക്കില്ലെന്ന് അദ്ദേഹം പറയുന്നത് കേള്‍ക്കാം. പിന്നെ എന്താണ് ഇത്? അതും സ്വന്തം പാര്‍ട്ടിയിലെ കള്ളന്മാരെ സംരക്ഷിക്കാന്‍. മിസ്റ്റര്‍ പവാര്‍, നിങ്ങളുടെ അച്ചടക്കബോധം എവിടെ? നിയമവിരുദ്ധമായി മണ്ണ് ഖനനം ചെയ്യുന്നത് സംസ്ഥാനത്തിന്റെ ഖജനാവിനെ വഞ്ചിക്കുന്നതിനാണ്. നിങ്ങള്‍ ധനമന്ത്രിയാണ്. എന്നിട്ടും നിങ്ങള്‍ അത് ചെയ്തുവെന്നും ശിവസേനനേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

Read more

എന്നാല്‍, എന്‍സിപി നേതാവ് സുനില്‍ താക്കറെയും ബിജെപി നേതാവ് ചന്ദ്രശേഖര്‍ ഭവാന്‍കുളെയും അജിത് പവാറിനെ പിന്തുണച്ച് രംഗത്തെത്തി. ഭീഷണിപ്പെടുത്തുകയായിരുന്നില്ല, മറിച്ച് അത് അദ്ദേഹത്തിന്റെ സാധാരണ സംസാരരീതിയാണെന്ന് സുനില്‍ താക്കറെ പറഞ്ഞു. ‘ഇതേ സ്വരത്തിലാണ് അദ്ദേഹം ഞങ്ങളോടും സംസാരിക്കാറുള്ളത്. ആ ഉദ്യോഗസ്ഥ അവരുടെ ജോലിയാണ് ചെയ്യുന്നത്. അവരെ കുറ്റപ്പെടുത്തുന്നില്ല. ജനാധിപത്യത്തില്‍ ജനങ്ങള്‍ അവരുടെ പരാതികള്‍ പറയും. അതാണ് അജിത് പവാര്‍ ഉദ്യോഗസ്ഥരുമായി സംസാരിച്ചതെന്നാണ് എന്‍സിപിയുടെ വിശദീകരണം.