ഐ.ടി മേഖലയിൽ കൂട്ട പിരിച്ചുവിടൽ; ഇൻഫോസിസ് 12,000 ജീവനക്കാരെ പിരിച്ചു വിട്ടേക്കും, 7000 ജോലികൾ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങി കോഗ്നിസൻറ്

ഐ.ടി മേഖലയിലെ അറിയപ്പെടുന്ന രണ്ട് മൾട്ടിനാഷണൽ കമ്പനികളായ ഇൻ‌ഫോസിസും കോഗ്നിസന്റും തങ്ങളുടെ മിഡ്-സീനിയർ ലെവൽ സ്ഥാനങ്ങളിലുള്ള ജോലിക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നു. ഇന്ത്യൻ എം‌.എൻ‌.സി ഇൻ‌ഫോസിസും യു‌.എസ് ആസ്ഥാനമായുള്ള കോഗ്നിസന്റും ആയിരക്കണക്കിന് ജീവനക്കാരെയാണ് പിരിച്ചുവിട്ട് തങ്ങളുടെ സ്ഥാപനം പുന:സംഘടിപ്പിക്കാൻ ശ്രമിക്കുന്നത്.

കോഗ്നിസൻറ് അടുത്ത ഏതാനും പാദങ്ങളിൽ 7,000 പേരെ ജോലിയിൽ നിന്ന് നീക്കം ചെയ്യുമ്പോൾ ഇൻഫോസിസ് 12,000 പേരെ പിരിച്ചു വിടുമെന്നാണ് റിപ്പോർട്ടുകൾ. തൊഴിലാളികളെ പിരിച്ചു വിടാനുള്ള രണ്ട് എം‌എൻ‌സികളുടെയും പദ്ധതികളെ കുറിച്ച് ഇക്കണോമിക് ടൈംസാണ് (ഇ.ടി) റിപ്പോർട്ട് ചെയ്തത്. ഇ.ടി റിപ്പോർട്ടിൽ, ഇൻഫോസിസ് 10 ശതമാനം തൊഴിലാളികളെ നീക്കംചെയ്യും, ഇത് ഏകദേശം 2,200 ആളുകൾക്ക് വരുന്ന ജോബ് ലെവൽ 6 (JL6), അതായത് സീനിയർ മാനേജർമാരാണ്. അസോസിയേറ്റ് (ജെ‌എൽ‌3 ഉം അതിനു താഴെയുമുള്ള), മിഡിൽ‌ (ജെ‌എൽ‌4, 5) തലങ്ങളിലെ 2-5 ശതമാനം തൊഴിലാളികളെ പിരിച്ചുവിടാൻ കമ്പനി പദ്ധതിയിടുന്നു. ഇത് ഏകദേശം 4,000 മുതൽ 10,000 വരെ ആളുകൾ വരും.

കോഗ്നിസൻറ് അടുത്ത ഏതാനും പാദങ്ങളിൽ 7,000 ത്തോളം ജീവനക്കാരെ പിരിച്ചു വിടും. ഉള്ളടക്ക മോഡറേഷൻ ബിസിനസിൽ നിന്ന് പുറത്തു കടക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. ഇത് 6,000 ജീവനക്കാരെ ബാധിച്ചേക്കും. 10,000 മുതൽ 12,000 വരെ മിഡ്-സീനിയർ ജോലിക്കാരെ അവരുടെ ജോലിയിൽ നിന്ന് നീക്കം ചെയ്യാൻ കോഗ്നിസൻറ് പദ്ധതിയിട്ടിരിക്കുകയാണെന്ന് ഇ.ടി റിപ്പോർട്ട് പറയുന്നു.