വിലക്കയറ്റം; കോണ്‍ഗ്രസിൻറെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇന്ന് തുടക്കം, സിലിണ്ടറുകളില്‍ മാല ചാര്‍ത്തി പ്രതിഷേധം

വിലക്കയറ്റത്തിനെതിരായ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന് തുടങ്ങും. വിലക്കയറ്റരഹിത ഭാരത പ്രചാരണം എന്ന് പേരിട്ടിരിക്കുന്ന സമരത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാപക പ്രക്ഷോഭ പരിപാടികള്‍ നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം. രാവിലെ 11 മണിക്ക് രാജ്യത്തുടനീളം വീടുകളിലും പൊതുസ്ഥലങ്ങളിലും സിലിണ്ടറുകളില്‍ മാല ചാര്‍ത്തി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കും.

ഒരാഴ്ച നീളുന്ന പ്രതിഷേധ പരിപാടികള്‍ക്കാണ് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്. മെഹന്‍ഗായ്-മുക്ത് ഭാരത് അഭിയാന്‍ പരിപാടിയുമായി ബന്ധപ്പെട്ട് 11 മണിക്ക് മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജന്തര്‍ മന്ദറില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. പരിപാടിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മഹിള കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും.

സിലിണ്ടറുകളില്‍ മാല ചാര്‍ത്തി പ്രതിഷേധം നടത്തുന്നതിനോടൊപ്പം ചെണ്ട കൊട്ടിയും മണിയടിച്ചും പ്രതിഷേധിക്കാനും കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഏപ്രില്‍ 2 നും 4 നും ഇടയില്‍ ജില്ലാതല പ്രചാരണ പരിപാടികളും ജാഥകളും പി.സി.സി കളുടെ നേതൃത്വത്തില്‍ നടക്കും. ഏപ്രില്‍ ഏഴിന് സംസ്ഥാന തലത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കുന്നതോടെ പരിപാടികള്‍ അവസാനിക്കും.

രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ ഇന്ധനവിലയിലും, പാചകവാതക വിലയിലും വലിയ വര്‍ദ്ധനയാണ് ഉണ്ടായത്. ഇന്ധനവില തുടര്‍ച്ചയായി ഒമ്പതാം ദിവസവും കൂട്ടി. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ 11 ദിവസത്തിനിടെ പെട്രോളിന് 6 രൂപ 97 പൈസയാണ് കൂട്ടിയത്. ഡീസലിന് 6 രൂപ 70 പൈസയും വര്‍ദ്ധന ഉണ്ടായി.

തുടര്‍ച്ചയായി വില ഉയര്‍ത്താനാാണ് എണ്ണക്കമ്പനികളുടെ തീരുമാനം. ഇന്ധനവില ഉയരുന്നതോടെ മറ്റ് അവശ്യവസ്തുക്കള്‍ക്കും വില ഉയരും.