ഇന്ദിരാഗാന്ധി സവർക്കറുടെ അനുയായി, നെഹ്റുവിനും ഗാന്ധിക്കും എതിരായിരുന്നു: ബി.ജെ.പിയുടെ ഭാരത് രത്‌ന നിർദ്ദേശത്തെ പിന്തുണച്ച് സവർക്കറുടെ ചെറുമകൻ

കഴിഞ്ഞ ദിവസം പുറത്തിറക്കിയ മഹാരാഷ്ട്രയിലെ ബി.ജെ.പിയുടെ പ്രകടനപത്രികയിൽ രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരത് രത്നത്തിനായി ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രയോക്തവായിരുന്ന വി.ഡി. സവർക്കറുടെ പേര് നിർദ്ദേശിച്ചിരുന്നു. അതേസമയം മഹാത്മാഗാന്ധിയെ വധിച്ച കേസിൽ 1948- ൽ ഗൂഢാലോചന കുറ്റം ചുമത്തിയിരുന്നു സവർക്കർക്ക് ഭാരത രത്‌ന നിർദ്ദേശിച്ചത് ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചു. അതിനിടെ വി.ഡി സവർക്കറിന് ഭാരത് രത്‌ന നൽകുന്നതിനെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സവർക്കറുടെ ചെറുമകൻ. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പോലും തന്റെമുത്തച്ഛന്റെ അനുയായി ആയിരുന്നെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്.

ഇന്ദിരാഗാന്ധി സവർക്കറിനെ ബഹുമാനിച്ചു. പാകിസ്ഥാനെ മുട്ടുകുത്തിച്ചു, സൈന്യത്തെയും വിദേശ ബന്ധത്തെയും ശക്തിപ്പെടുത്തി, ആണവ പരീക്ഷണം നടത്തി. ഇതിനാലാണ് അവർ അദ്ദേഹത്തിന്റെ അനുയായിയെന്ന് എനിക്ക് തോന്നുന്നത്. സവർക്കറുടെ ചെറുമകൻ രഞ്ജിത് സവർക്കറെ ഉദ്ധരിച്ച് വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

ഇന്ദിരാഗാന്ധിയുടെ നീക്കങ്ങൾ ജവഹർ ലാൽ നെഹ്റുവിനും മഹാത്മാഗാന്ധിയുടെ തത്വശാസ്ത്രത്തിനും എതിരായിരുന്നുവെന്ന് സവർക്കറുടെ ചെറുമകൻ കൂട്ടിച്ചേർത്തു.