ഇന്ത്യയുടേത് സ്വതന്ത്രവും സന്തുലിതവുമായ നിലപാട്; പ്രശംസിച്ച് റഷ്യ

ഉക്രൈന് മേലുള്ള റഷ്യയുടെ കടന്നാക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്ര രക്ഷാസമിതി അവതരിപ്പിച്ച പ്രമേയ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്ന ഇന്ത്യയുടെ തീരുമാനത്തെ പ്രശംസിച്ച് റഷ്യന്‍ എംബസി. ഇന്ത്യയുടേത് സ്വതന്ത്രവും സന്തുലിതവുമായ നിലപാടാണ്. ഈ നിലപാടിനെ അഭിനന്ദിക്കുന്നുവെന്നും ഇന്ത്യയിലെ റഷ്യന്‍ എംബസി അറിയിച്ചു. ട്വിറ്ററിലൂടെയാണ് റഷ്യ പ്രശംസ അറിയിച്ചത്.

നിലവിലെ സംഭവ വികാസങ്ങളെ കുറിച്ച് ഇന്ത്യയുമായി തുടര്‍ന്ന് ചര്‍ച്ച ചെയ്യാന്‍ റഷ്യ പ്രതിജ്ഞാബദ്ധമാണെന്നും ട്വീറ്റില് പറയുന്നു. പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യാന്‍ ഇന്ത്യക്ക് അമേരിക്കയുടെ കടുത്ത സമ്മര്‍ദ്ദം ഉണ്ടായിരുന്നു. എന്നാല്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് ഇന്ത്യ തീരുമാനിച്ചത്.

ഫെബ്രുവരി 25നാണ് യുഎന്‍ പ്രമേയം അവതരിപ്പിച്ചത്. ഉക്രൈനെതിരായ ആക്രമണത്തെ അപലപിച്ചും, ഒപ്പം സൈനികരെ ഉടന്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രമേയം. പക്ഷേ റഷ്യ പ്രമേയം വീറ്റോ ചെയ്യുകയായിരുന്നു. ചൈനയും ഇന്ത്യയും യു.എ.ഇയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.