ജമ്മു കശ്മീരില്‍ പാകിസ്ഥാന്റെ ആക്രമണങ്ങള്‍ തകര്‍ത്ത് ഇന്ത്യന്‍ സൈന്യം. ജമ്മു വിമാനത്താവളം ലക്ഷ്യമിട്ട് പാകിസ്ഥാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. പാകിസ്ഥാന്റെ അന്‍പതോളം ഡ്രോണുകള്‍ സൈന്യം വെടിവച്ചിട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ആക്രമണങ്ങളുണ്ടായത്.
ജമ്മു നഗരത്തിലടക്കം സൈന്യം ഡ്രോണുകള്‍ വെടിവച്ചിട്ടതായാണ് വിവരം. അന്‍പതോളം ഡ്രോണുകള്‍ വെടിവച്ചിട്ടെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പലയിടത്തും സൈറണ്‍ മുഴങ്ങിയിട്ടുണ്ട്. സ്‌ഫോടനശബ്ദങ്ങള്‍ക്ക് മുന്നോടിയായി കുപ് വാരയില്‍ എയര്‍ സൈറനുകള്‍ മുഴങ്ങി. ജമ്മുവും കുപ് വാരയും ബ്ലാക് ഔട്ടിലേക്ക് നീങ്ങിയിരിക്കുകയാണ്.
നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ ഷെല്ല് ആക്രമണം തുടരുന്നുണ്ട്. കുപ്വാരയിലാണ് ഷെല്ലാക്രമണം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം പാകിസ്ഥാന്‍ നടത്തിയ ആക്രമണം ഇന്ത്യ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് തകര്‍ത്തത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുവില്‍ ഇന്റര്‍നെറ്റ് റദ്ദാക്കി. ജമ്മു വിമാനത്താവളം, പത്താന്‍ കോട്ട്, അഖ് നൂര്‍, സാംബ എന്നിവിടങ്ങളാണ് ഭീകരര്‍ ലക്ഷ്യമിട്ടത്.
Read more
പഞ്ചാബ് അതിര്‍ത്തിയിലും കുപ്‌വാരയിലും കനത്ത സംഘര്‍ഷം തുടരുന്നുണ്ട്. പഞ്ചാബില്‍ കനത്ത ജാഗ്രത തുടരുകയാണ്. പഞ്ചാബ് അതിര്‍ത്തിയില്‍ ലൈറ്റണച്ച് കരുതല്‍ നടപടി തുടങ്ങി. സൈനിക കേന്ദ്രങ്ങളും ലക്ഷ്യം വച്ചായിരുന്നു ആക്രമണം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.