അറുപത് വർഷത്തിലേറെയായി ഇന്ത്യൻ വ്യോമസേനയുടെ മുന്നണിപ്പോരാളിയായിരുന്ന യുദ്ധവിമാനം മിഗ് 21 വിടപറഞ്ഞു. ചണ്ഡീഗഢിൽ വ്യോമസേന വിപുലമായ യാത്രയയപ്പാണ് മിഗ് 21നായി ഒരുക്കിയത്. 1963ൽ വ്യോമസേനയിൽ മിഗ് 21നെ ആദ്യം അവതരിപ്പിച്ചത് ചണ്ഡീഗഢിലായതിനാലാണ് യാത്രയയപ്പിനായി അവിടം തിരഞ്ഞെടുത്തത്.
#WATCH | Chandigarh | The decommissioning ceremony of the Indian Air Force’s MIG-21 fighter aircraft fleet is underway.
MiG-21s were inducted into the Indian Air Force in 1963, and will be decommissioned today after 63 years of service. pic.twitter.com/37SE6MviQf
— ANI (@ANI) September 26, 2025
വെള്ളിയാഴ്ച 12.05ന് മിഗ് വിമാനങ്ങൾ വ്യോമസേനയുടെ ഭാഗമായി അവസാനമായി പറന്നു. ലാൻഡ് ചെയ്യുന്ന മിഗ് 21 വിമാനങ്ങളെ ആദരിച്ചുകൊണ്ടാണ് യാത്രയയപ്പ് ഒരുക്കിയത്. പാകിസ്ഥാനുമായുള്ള 1965 ലെയും 1971ലെയും യുദ്ധങ്ങളിൽ മിഗ് 21 പോർവിമാനങ്ങളായിരുന്നു ശക്തികേന്ദ്രം. 1999ലെ കാർഗിൽ യുദ്ധത്തിലും 2019ലെ ബാലാക്കോട്ട് വ്യോമാക്രമണത്തിലും നിർണായക പങ്ക് വഹിച്ചു. ഏറ്റവുമൊടുവിലായി ഓപ്പറേഷൻ സിന്ദുറിലും മിഗ് 21 യുദ്ധവിമാനം ഉപയോഗിച്ചിരുന്നു.
മുൻ സോവിയറ്റ് യൂണിയനിലെ മികോയൻ- ഗുരേവിച്ച് ഡിസൈൻ ബ്യൂറോയാണ് മികോയൻ- ഗുരേവിച്ച് മിഗ് 21 എന്ന സൂപ്പർസോണിക് ജെറ്റ് ഫൈറ്റർ രൂപകൽപ്പന ചെയ്‌തത്. 1963 മുതൽ ഇതുവരെ 900 മിഗ് 21 യുദ്ധവിമാനങ്ങളാണ് വ്യോമസേന ഉപയോഗിച്ചത്. ഇതിൽ 657 എണ്ണം ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് ഇന്ത്യയിൽത്തന്നെ നിർമിച്ചവയാണ്.
Read more
ഒറ്റ എൻജിൻ യുദ്ധവിമാനമായ മിഗ് 21, ഒരു ചെറുവിമാനം കൂടിയാണ്. ഭാരം കുറഞ്ഞതും പെട്ടെന്ന് ടേക്ക് ഓഫ് ചെയ്യാൻ സാധിക്കുന്നതുമായ ഇതിന്റെ പരമാവധി പറക്കൽസമയം 30 മിനിറ്റാണ്. 2010 ഓടെ റഷ്യൻ നിർമിത സുഖോയ് വിമാനങ്ങൾ വന്നതോടെയാണ് മിഗ്21 വ്യോമസേനയിൽനിന്ന് കളമൊഴിഞ്ഞ് തുടങ്ങിയത്. തേജസ് മാർക്ക് 1എ വിമാനമാണ് മിഗ് 21ന് പകരക്കാരനായി വ്യോമസേനയിലെത്തുക.







