ജപ്പാനെ മറികടന്ന് ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറിയെന്ന് കേന്ദ്രസർക്കാർ. 4.18 ട്രില്യൺ ഡോളർ വിലമതിക്കുന്ന ജിഡിപി ഉയർച്ച മാനദണ്ഡമാക്കിയുള്ള വളർച്ചാ നിരക്കാണ് കേന്ദ്രം വെളിപ്പെടുത്തിയത്. 2030-ഓടെ ജർമനിയെ മറികടന്ന് ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും കേന്ദ്രം അറിയിച്ചു.
‘4.18 ട്രില്യൺ ഡോളർ ജിഡിപിയുമായി ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തെ നാലാമത്തെ സമ്പദ്‌വ്യവസ്ഥയായി മാറിയിരിക്കുന്നു. കൂടാതെ 2030-ഓടെ 7.3 ട്രില്യൺ ഡോളർ ജിഡിപി പ്രൊഡക്ഷനോടെ അടുത്ത 2.5 മുതൽ മൂന്ന് വർഷത്തിനുള്ളിൽ ജർമനിയെ മൂന്നാംസ്ഥാനത്തുനിന്ന് മാറ്റാനുള്ള തയ്യാറെടുപ്പിലാണ്’ 2025-ലെ പരിഷ്‌കാരങ്ങളുടെ ഒരു ഹ്രസ്വചിത്രം നൽകുന്ന സർക്കാർ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.
ഇന്ത്യ ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണെന്നും തൊഴിലില്ലായ്മ കുറയുകയും കയറ്റുമതി കൂടുകയും ചെയ്യുന്നുവെന്നും സർക്കാർ പത്രക്കുറിപ്പിൽ പറയുന്നുണ്ട്. അമേരിക്കയാണ് ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ. രണ്ടാമതാണ് ചൈന.







