ബിജെപി ഭരണത്തില്‍ തളിര്‍ക്കുന്ന 'ബീഫ്' വ്യവസായം; ഏറ്റവും വലിയ ബീഫ് കയറ്റുമതി കമ്പനി ബിജെപിയ്ക്ക് സംഭാവന നല്‍കിയത് 30 കോടി; മോദിയുടേയും കൂട്ടരുടേയും 'ഡബിള്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്'

കേരള സ്‌റ്റോറിയിലെ ബീഫും, ബീഫ് തിന്നതിന് തല്ലിക്കൊല്ലപ്പെട്ട അഖ്‌ലാഖുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന കാവി ഫാസിസ കാലത്ത് രാജ്യം ഏറ്റവും വലിയ ബീഫ് കയറ്റുമതി നടത്തിയതും വാര്‍ത്തയാണ്. നരേന്ദ്ര മോദി ഭരണകാലത്ത് ബീഫ് കയറ്റുമതിയില്‍ ലോകത്ത് നാലാം സ്ഥാനത്തുള്ള രാജ്യമാണ് ഇന്ത്യ. ഹിന്ദുത്വ സംഘടനകള്‍ നിരന്തരം വിമര്‍ശിക്കുന്ന രാജ്യത്തെ ബീഫ് വ്യവസായം ബിജെപി സര്‍ക്കാരിനു കീഴില്‍ വലിയ വളര്‍ച്ച നേടിയ റിപ്പോര്‍ട്ട് സംഘബന്ധുക്കള്‍ മാത്രം കണ്ടതായി നടിക്കില്ല. ബീഫിന്റെ പേരില്‍ വര്‍ഗീയ ധ്രുവീകരണം നടത്തുന്ന ബിജെപി ഇന്ത്യയിലെ ഏറ്റവും വലിയ മാംസ കയറ്റുമതിക്കാരായ അല്ലാന ഗ്രൂപ്പില്‍നിന്ന് 30 കോടി രൂപയുടെ സംഭാവന നേടിയതും ആര്‍എസ്എസ് സംഘപരിവാരം മിണ്ടില്ല.

2024-25ല്‍ ബിജെപിക്ക് തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴി 30 കോടി രൂപ സംഭാവന ലഭിച്ചതായി സ്‌ക്രോള്‍.ഇന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്ന. 2025-ല്‍ ഇന്ത്യയുടെ ബീഫ് കയറ്റുമതി നാല് ബില്യണ്‍ യുഎസ് ഡോളര്‍ കടന്നതിനു പിന്നാലെയാണ് ഇര്‍ഫാന്‍ അല്ലാനയുടെ നേതൃത്വത്തിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ മാംസ കയറ്റുമതിക്കാരായ അല്ലാന കമ്പനിയുടെ സംഭാവന ബിജെപിക്ക് ലഭിച്ചിരിക്കുന്നതെന്നതും റിപ്പോര്‍ട്ടിലുണ്ട്.

2019-ല്‍ അല്ലാന ഗ്രൂപ്പുമായി ബന്ധപ്പെട്ട 100-ലധികം സ്ഥലങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡുകള്‍ നടത്തിയിരുന്നു. ഏപ്രിലില്‍, കമ്പനി ഏകദേശം 2,000 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഈ ആരോപണങ്ങള്‍ക്കു പിന്നാലെയാണ് കമ്പനി ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങാന്‍ തുടങ്ങിയതെന്ന് സ്‌ക്രോളിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2019-ല്‍ അവര്‍ ഏഴു കോടി രൂപയുടെ ബോണ്ടുകള്‍ വാങ്ങി. ശിവസേനയ്ക്ക് അഞ്ചു കോടി രൂപയും ബിജെപിക്ക് രണ്ടു കോടി രൂപയും സംഭാവന ചെയ്തു. അക്കാലത്ത്, മുംബൈയിലെയും മഹാരാഷ്ട്രയിലെയും മുനിസിപ്പല്‍, സംസ്ഥാന ഭരണകൂടങ്ങള്‍ നിയന്ത്രിച്ചിരുന്നത് ശിവസേനയും ബിജെപിയുമായിരുന്നു. പിന്നീടാണ് 2025ല്‍ അല്ലാന ഗ്രൂപ്പിന്റെ 30 കോടിയുടെ സഹായം സംഭാവന ബിജെപിയ്ക്ക് ചെന്നിരിക്കുന്നത്.

ഇലക്ടറല്‍ ബോണ്ടില്‍ വന്‍സംഭാവന നടത്തിയ പല കമ്പനികള്‍ക്കും അതിന് മാസങ്ങള്‍ മുമ്പ് ആദായനികുതി റെയ്ഡ് പോലെ കേന്ദ്ര ഏജന്‍സികളില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള സമീപനം ഉണ്ടായി എന്നുള്ളതും പല കേസുകളില്‍ ചൂണ്ടിക്കാണിക്കപ്പെട്ടതാണ്. 2011- 12 കാലത്തില്‍ 83 കോടി ആസ്തിയുണ്ടായിരുന്ന ബിജെപി 2014ല്‍ അധികാരത്തില്‍ വന്നശേഷം ആസ്തി വര്‍ദ്ധിപ്പിച്ചത് ആയിരം മടങ്ങാണ്. 2011 ല്‍ 83 കോടിയില്‍ നിന്ന് 2019-20 ആയപ്പോഴേക്കും ബിജെപി ആസ്തി 4800 കോടിയായി. 2025ല്‍ 10,000 കോടിയ്ക്ക് മേലെയാണ് ബിജെപിയുടെ കയ്യിലെ പണം.

2014-ല്‍ യുപിഎ സര്‍ക്കാര്‍ ‘പിങ്ക് വിപ്ലവം’ പ്രോത്സാഹിപ്പിക്കുകയും കന്നുകാലി കശാപ്പിനെ സഹായിക്കുകയും ചെയ്യുന്നുവെന്ന് ആരോപണം ഉന്നയിച്ച അതേ മോദി ഭരിക്കുമ്പോഴാണ് മാംസ കയറ്റുമതിക്കാരായ അല്ലാന ഗ്രൂപ്പിന്റെ ഈ വളര്‍ച്ച എന്നതാണ് ശ്രദ്ധേയം. ബീഫ് മീറ്റ് കൂടുതല്‍ ഉപയോഗിക്കുന്നതിനെയും ഇത് പ്രോസസ് ചെയ്യുന്നതടക്കമുള്ള വ്യവസായത്തേയും മാണ് പിങ്ക് വിപ്ലവും എന്ന് വിളിച്ചത്. ഇതിനെതിരെയാണ് 2014ല്‍ മോദിയും കൂട്ടരും തിരഞ്ഞെടുപ്പ് ഗോദയില്‍ കോണ്‍ഗ്രസ് രാജ്യത്തെ പശുഹത്യ വര്‍ധിപ്പിക്കുന്നേ എന്ന് പറഞ്ഞു കുളം കലക്കിയത്.

അതേ മോദിയുടെ ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതില്‍ പിന്നെ ഗുജറാത്തില്‍ ബീഫ് വ്യവസായം 10 ഇരട്ടി വളര്‍ച്ച കൈവരിച്ചു. രാജ്യത്തെ ഏറ്റവും വലിയ ബീഫ് കയറ്റുമതി സംസ്ഥാനം മോദിയുടെ യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശാണ് എന്നതും കൂട്ടിച്ചേര്‍ത്ത് വായിക്കണം. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പുതന്നെ അല്ലാന ഗ്രൂപ്പ് ബിജെപിക്ക് സംഭാവന നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. 2013-14 കാലയളവില്‍ അവര്‍ രണ്ടു കോടി രൂപയും അടുത്ത വര്‍ഷം 50 ലക്ഷം രൂപയും സംഭാവന ചെയ്തു. തുടര്‍ന്ന് 2019-ല്‍ ഗ്രൂപ്പ് രണ്ടു കോടി രൂപ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി സംഭാവന ചെയ്തു. 2023-24ല്‍ വീണ്ടും, പാര്‍ട്ടിക്ക് അതിന്റെ സ്ഥാപനമായ ഫ്രിഗേറിയോ കണ്‍സര്‍വ അല്ലാന പ്രൈവറ്റ് ലിമിറ്റഡ് വഴി രണ്ടു കോടി രൂപ സംഭാവന ചെയ്തു.

Read more

2024-25ലെ സംഭാവന 15 മടങ്ങ് വര്‍ധിച്ച് 30 കോടി രൂപയായി. അല്ലാനസണ്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ഫ്രിഗേറിയോ കണ്‍സര്‍വ അല്ലാന പ്രൈവറ്റ് ലിമിറ്റഡ്, ഫ്രിഗോറിഫിക്കോ അല്ലാന പ്രൈവറ്റ് ലിമിറ്റഡ്, ഇന്‍ഡാഗ്രോ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ നാല് പ്രാഥമിക സ്ഥാപനങ്ങളിലൂടെയാണ് കമ്പനി പണം സംഭാവന ചെയ്തത്. മോദി സര്‍ക്കാരിന്റേയും ബിജെപിയുടേയും ഇരട്ടത്താപ്പ് ഇവിടെ വ്യക്തമാണ്. ബിജെപിയ്ക്ക് സംഭാവന നല്‍കിയാല്‍ ഏത് വ്യവസായവും പുഷ്ടിപ്പെടും, അതേ സംഭവം ഉപയോഗിച്ച് തന്നെ പാര്‍ട്ടി പണമുണ്ടാക്കും, അതേ സംഭവം കൊണ്ട് ആളുകളെ ഭിന്നിപ്പിച്ച് വോട്ടുമുണ്ടാക്കും.