ഓപ്പറേഷൻ സിന്ദൂരിൻ്റെ ഭാഗമായി മെയ് 7 ന് ഇന്ത്യ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത പാക് സൈനികരുടെ പേര് വിവരങ്ങൾ പുറത്തുവിട്ട് ഇന്ത്യ. ഭീകര താവളങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ആക്രമണങ്ങളിൽ കൊടും ഭീകര നേതാക്കളുൾപ്പെടെ നൂറിലധികം ഭീകരരാണ് കൊല്ലപ്പെട്ടത്. ഇവരുടെ സംസ്‌കാര ചടങ്ങുകൾക്ക് പാക് സൈനികരും പങ്കെടുത്തുവെന്ന് തെളിയിക്കുന്ന വീഡിയോകളും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
പാകിസ്താൻ സൈനികരുടെയും പഞ്ചാബ് പ്രവിശ്യയിലെ പ്രധാന പോലീസ് ഉദ്യോഗസ്ഥരുടെയും പേര് വിവരങ്ങളാണ് ഇപ്പോൾ ഇന്ത്യ പുറത്തുവിട്ടത്. ഏപ്രില്‍ 22 ന് കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ക്രൂരമായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിന് തിരിച്ചടിയായിട്ടാണ് മെയ് 7-ന് പുലര്‍ച്ചെ ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ പാകിസ്താനിലെ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചത്.
ലഫ്റ്റനൻ്റ് ജനറൽ ഫയാസ് ഹുസൈൻ ഷാ, ലാഹോറിലെ IV കോർപ്സിൻ്റെ കമാൻഡർ, ലാഹോറിലെ 11 ഇൻഫൻട്രി ഡിവിഷനിലെ മേജർ ജനറൽ റാവു ഇമ്രാൻ സർതാജ്, ബ്രിഗേഡിയർ മുഹമ്മദ് ഫുർഖാൻ ഷബീർ, പാക് പഞ്ചാബ് പോലീസ് ഇൻസ്പെക്ടർ ജനറൽ ഡോ. ഉസ്മാൻ അൻവർ, പഞ്ചാബ് പ്രവിശ്യാ അസംബ്ലി അംഗം മാലിക് സൊഹൈബ് അഹമ്മദ് ഭേര്‍ത്ത് എന്നിവരാണ് ഭീകരരുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തത്.