ക്വറ്റ ബലൂച് ലിബറേഷന്‍ ആര്‍മി പിടിച്ചെടുത്തു; ഇമ്രാന്‍ ഖാന്റെ തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടി സര്‍ക്കാരിനെതിരെ തെരുവില്‍; പാക്കിസ്ഥാനില്‍ ആഭ്യന്തരയുദ്ധം; ഇന്ത്യയുടെ തിരിച്ചടി തുടരുന്നു

ഇന്ത്യ ശക്തമായി ആക്രമണം അഴിച്ചുവിട്ടതോടെ പാക്കിസ്ഥാനുള്ളിലെ വിഘടന ശക്തികളും തലപൊക്കി. രാജ്യത്തിനുള്ളില്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചതോടെ പാക്ക് ആര്‍മിയും പ്രതിസന്ധിയിലായി. പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റ ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) സായുധ സംഘടന പിടിച്ചെടുത്തെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഏതാനും ദിവസങ്ങളായി ബിഎല്‍എ പാക്കിസ്ഥാന്‍ സൈന്യത്തിന് നേരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിവരികയായിരുന്നു.

ബലൂച് വിമോചന പോരാട്ടം അടിച്ചമര്‍ത്താന്‍ പാക്കിസ്ഥാന്‍ ഏറെ കാലമായി ശ്രമിച്ചുവരികയാണ്. പാക്കിസ്ഥാന്റെ പ്രകോപനത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി ആരംഭിച്ചതിനു പിന്നാലെ ക്വറ്റയില്‍ ബിഎല്‍എയും ആക്രമണം കടുപ്പിക്കുകയായിരുന്നു.

ഇന്ത്യയുടെ ആക്രമണം ശക്തമായതോടെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടി പ്രവര്‍ത്തകര്‍ സര്‍ക്കാരിനെതിരെ തെരുവിലിറങ്ങി.

അതേസമയം, ജമ്മുവിലും അതിര്‍ത്തി സംസ്ഥാനങ്ങളിലും പാക്കിസ്ഥാന്‍ ആക്രമണം നടത്തുന്നതിനിടെ രണ്ട് പാക് പൈലറ്റുമാര്‍ ഇന്ത്യയുടെ പിടിയിലായി. രാജസ്ഥാനില്‍ നിന്നും ജമ്മുവില്‍ നിന്നുമാണ് പൈലറ്റുമാരെ പിടികൂടിയത്. ജമ്മുവില്‍ തുടര്‍ച്ചയായി മിസൈലുകള്‍ തൊടുത്തുവിട്ട പാക് യുദ്ധവിമാനം എഫ്16 ഇന്ത്യന്‍ സേന വീഴ്ത്തിയിരുന്നു.

സര്‍ഫസ് ടു എയര്‍ മിസൈല്‍ (സാം) പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് യുദ്ധവിമാനം ഇന്ത്യ വെടിവച്ചിട്ടത്. വ്യോമനിരീക്ഷണത്തിനായി ഇറങ്ങിയ പാക്കിസ്ഥാന്റെ അവാക്സ് വിമാനവും ഇന്ത്യ വെടിവെച്ചിട്ടു. പഞ്ചാബില്‍ വെച്ചാണ് അവാക്സ് വിമാനം ഇന്ത്യ വെടിവെച്ചിട്ടത്.