ഈ വർഷം ലോകത്ത് ഏറ്റവുമധികം മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടത് ഇന്ത്യയിൽ

ഈ വർഷം ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത് ഇന്ത്യയിലാണെന്ന് റിപ്പോർട്ട്. യുഎസിലെ കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ് (സിപിജെ) എന്ന സംഘടന വ്യാഴാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 2021 ഡിസംബർ 1 വരെ ഇന്ത്യയിൽ നാല് മാധ്യമപ്രവർത്തകർ അവരുടെ ജോലിക്കിടെ കൊല്ലപ്പെട്ടു. ഇതുകൂടാതെ മറ്റൊരു മാധ്യമപ്രവർത്തകൻ അപകടകരമായ തൊഴിൽ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. പത്രസ്വാതന്ത്ര്യത്തെയും മാധ്യമങ്ങൾക്കെതിരായ ആക്രമണത്തെയും കുറിച്ചുള്ള വാർഷിക സർവേയിൽ സിപിജെ പറഞ്ഞു.

നവംബറിൽ അവിനാഷ് ഝാ (ബിഎൻഎൻ ന്യൂസ്), ഓഗസ്റ്റിൽ ചെന്നകേശവലു (ഇവി 5), മനീഷ് സിംഗ് (സുദർശൻ ടിവി), ജൂണിൽ സുലഭ് ശ്രീവാസ്തവ (എബിപി ന്യൂസ്) എന്നിവരാണ് കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ട നാല് ഇന്ത്യൻ മാധ്യമപ്രവർത്തകർ. സാധന ടിവി പ്ലസിലെ രമൺ കശ്യപ് അപകടകരമായ തൊഴിൽ സാഹചര്യത്തിലാണ് മരിച്ചത്, ഇദ്ദേഹം ഒക്ടോബറിലെ ലഖിംപൂർ ഖേരി അക്രമം റിപ്പോർട്ട് ചെയ്യുകയായിരുന്നു.

2021 ഡിസംബർ 1 വരെയുള്ള കണക്കനുസരിച്ച് ഏഴ് ഇന്ത്യൻ മാധ്യമപ്രവർത്തകർ തങ്ങളുടെ റിപ്പോർട്ടിംഗിന്റെ പേരിൽ ജയിലിൽ കഴിയുകയാണെന്നും സിപിജെ പറയുന്നു. തടവിലാക്കപ്പെട്ട ഏഴു മാധ്യമപ്രവർത്തകരിൽ കശ്മീരിൽ നിന്നുള്ള രണ്ടുപേരും ഉൾപ്പെടുന്നു – കാശ്മീർ നരറേറ്ററിലെ ആസിഫ് സുൽത്താൻ 2018 മുതലും, ഫോട്ടോ ജേണലിസ്റ്റ് മനൻ ദാർ 2021 ഒക്ടോബർ മുതലും ജയിലിലാണ്.

ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് 2020 ഏപ്രിൽ മുതൽ ആനന്ദ് തെൽതുംബ്‌ഡെയും ഗൗതം നവ്‌ലാഖയും ജയിലിലാണ്. ചാരവൃത്തി ആരോപിച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ തന്നെ 2021 ജൂലൈയിൽ കള്ളപ്പണം വെളുപ്പിക്കൽ ആരോപിച്ച് രാജീവ് ശർമ്മയെ അറസ്റ്റ് ചെയ്തു.

2020 ഒക്ടോബറിൽ ഹത്രാസ് കൂട്ടബലാത്സംഗം റിപ്പോർട്ട് ചെയ്യാൻ പോയ സിദ്ദിഖ് കാപ്പനെ ക്രമസമാധാന തകർക്കാൻ നോക്കി എന്ന് ആരോപിച്ച് ജയിലിലടച്ചു. അനധികൃതമായി പത്രം നടത്തി എന്ന് ആരോപിച്ച് തൻവീർ വാർസി ഭോപ്പാലിൽ അറസ്റ്റിലായിരുന്നു.

റിപ്പോർട്ട് അനുസരിച്ച്, ലോകമെമ്പാടും കുറഞ്ഞത് 24 പത്രപ്രവർത്തകർ ജോലിക്കിടെ കൊല്ലപ്പെട്ടു, അവരിൽ 19 പേരെ വധിക്കുകയായിരുന്നു. ബാക്കിയുള്ള അഞ്ച് പേർ അപകടകരമായ തൊഴിൽ സാഹചര്യത്തിൽ അല്ലെങ്കിൽ ക്രോസ്ഫയറിങ്ങിലാണ് മരിച്ചു. ഇതിൽ അഫ്ഗാനിസ്ഥാനിൽ വച്ച് കൊല്ലപ്പെട്ട ഇന്ത്യൻ ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖി ഉൾപ്പെടുന്നു.

മറ്റ് 18 പേർ സംശയാസ്പദമായ സാഹചര്യത്തിലാണ് മരിച്ചത്, ഇവർ മരിച്ച സാഹചര്യം കണ്ടെത്താനായിട്ടില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.

ജയിലിലുള്ള മൊത്തം പത്രപ്രവർത്തകരുടെ എണ്ണവും ഈ വർഷം ഉയർന്നതായി റിപ്പോർട്ടിൽ പറയുന്നു. 2021 ഡിസംബർ 1 വരെ 293 പേരാണ് ലോകമെമ്പാടും ജയിലിലായത്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ സംരക്ഷകരെ സംബന്ധിച്ചിടത്തോളം 2021 ഇരുണ്ട വർഷമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

Read more

CPJ-യുടെ 2021-ലെ ജയിൽ സെൻസസ് പ്രകാരം ജോലിയുടെ പേരിൽ ജയിലിൽ കിടക്കുന്ന റിപ്പോർട്ടർമാരുടെ എണ്ണം 293 എന്ന പുതിയ ആഗോള റെക്കോർഡിലെത്തി. 2020-ലെ 280 എന്ന പുതുക്കിയ കണക്കിനേക്കാൾ ഉയർന്നതാണ് ഇതെന്നും റിപ്പോർട്ട് പറയുന്നു.