രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവന ഇനിമുതൽ ഇലക്ടറൽ ബോണ്ടുകളിൽ മാത്രം

രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവന സ്വീകരിക്കുന്നത് ഇനിമുതൽ ഇലക്ടറൽ ബോണ്ടുകളിൽ കൂടി മാത്രം. 1951ലെ ജനപ്രാതിനിധ്യനിയമ പ്രകാരം റജിസ്റ്റർ ചെയ്തിട്ടുള്ള രാഷ്ട്രീയപാർട്ടികൾക്കു മാത്രമേ ബോണ്ട് വഴി സംഭാവന നൽകാൻ സാധിക്കൂ.

മാത്രമല്ല, അവസാന പൊതുതിരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടുകളുടെ ഒരു ശതമാനമെങ്കിലും നേടിയ പാർട്ടികൾക്കു മാത്രമേ ഇലക്ടറൽ ബോണ്ട് വഴി സംഭാവന നൽകാനും സാധിക്കുകയുള്ളൂ. പാർട്ടികൾക്കു സംഭാവന നൽകാൻ ഇലക്ടറൽ ബോണ്ടുകൾ പുറത്തിറക്കുമെന്ന ധനമന്ത്രി അരുൺ ജയ്റ്റ്ലി ബജറ്റ് പ്രഖ്യാപന വേളയിൽ പറഞ്ഞിരുന്നു.

ഇതാണ് ഇപ്പോൾ വിജ്ഞാപനമായി ഇറങ്ങിയത്. ഇന്ത്യൻ പൗരനോ, ഇന്ത്യയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കോ ഇല്കടറൽ ബോണ്ട് വാങ്ങാവുന്നതാണ്. എത്ര രൂപയാണോ സംഭാവന ചെയ്യാന്‍ ഉദ്ദേശിക്കുന്നത് അതിന്റെ മൂല്യത്തിന് അനുസൃതമായി 1000, 10,000, ഒരു ലക്ഷം, പത്തു ലക്ഷം, ഒരു കോടി എന്നിങ്ങനെ ബോണ്ടുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക ശാഖകളിൽനിന്ന് വാങ്ങാം.

ഇലക്ടറൽ ബോണ്ട് ബാങ്കിൽനിന്നു വാങ്ങിയാൽ 15 ദിവസം മാത്രമായിരിക്കും കാലാവധിയുണ്ടാവുക. ആർക്കാണു കൊടുക്കുന്നതെന്ന പേര് ബോണ്ടിൽ ഉൾപ്പെടുത്തേണ്ടതില്ല. ബാങ്ക് വഴി മാത്രമേ രാഷ്ട്രീയ പാർട്ടികൾക്കും ഇലക്ടറൽ ബോണ്ട് മാറിയെടുക്കാനാകൂ.