ഒടുവില്‍ മൗനം വെടിഞ്ഞു മോദി സര്‍ക്കാര്‍; ഖമനേയിയുടെ വധത്തില്‍ ഇന്ത്യ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി; വിദേശകാര്യ സെക്രട്ടറി ഇറാന്‍ എംബസി സന്ദര്‍ശിച്ചു

അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ നിര്യാണത്തില്‍ ഇന്ത്യ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിന് വേണ്ടി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ദില്ലിയിലെ ഇറാന്‍ എംബസി സന്ദര്‍ശിച്ചാണ് അനുശോചനം അറിയിച്ചത്. എംബസിയില്‍ തയ്യാറാക്കിയ അനുശോചന പുസ്തകത്തില്‍ അദ്ദേഹം ഒപ്പിടുകയും ഇറാന്‍ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

ഇന്ത്യയില്‍ സൈനികാഭ്യാസത്തിനെത്തിയ ഇറാന്റെ യുദ്ധക്കപ്പല്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട് ഇന്ത്യ പ്രതികരിക്കാത്തതില്‍ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടയിലാണ് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി നേരിട്ടെത്തി ഇറാന്‍ എംബസിയില്‍ അനുശോചനം അറിയിച്ചതെന്നതാണ് ശ്രദ്ധേയം. ഖമനേയി വധത്തില്‍ ഇതുവരെയും പ്രതികരിക്കാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. സര്‍ക്കാരിന്റെ മൗനം ഇന്ത്യക്ക് നാണക്കേടാണ് എന്നായിരുന്നു പ്രതിപക്ഷ വിമര്‍ശനം. ഇതിന് പിന്നാലെയാണ് ഇന്ത്യ, ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തിയത്. അനുശോചന പുസ്തകത്തില്‍ ഒപ്പിട്ട് ഖമനേയിയോടുള്ള ആദരവും ദുഃഖവും അറിയിക്കുകയും ചെയ്തു.

രാജ്യത്തിന് സുസ്ഥിരമായ ഒരു നേതൃത്വം ആവശ്യമായ സമയത്ത്, പ്രധാനമന്ത്രി ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണം പണയപ്പെടുത്തിയിരിക്കുകയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വധത്തില്‍ പോലും മോദി സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഈ മൗനം തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും പറഞ്ഞിരുന്നു. ശ്രീലങ്കന്‍ തീരത്ത് ഇറാനിയന്‍ കപ്പല്‍ തകര്‍ത്ത സംഭവത്തില്‍ പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് വിമര്‍ശനം കടുപ്പിച്ചിരുന്നു.

അതിഥിയെ വിളിച്ചു വരുത്തി അപമാനിച്ചുവെന്നും ഒന്നും മിണ്ടാത്ത ഇന്ത്യയുടെ നയം നാണക്കേടാണെന്നുമാണ് കോണ്‍ഗ്രസ് വിമര്‍ശിച്ചത്. സംഘര്‍ഷം തൊട്ടടുത്ത് എത്തിയിട്ടും പ്രധാനമന്ത്രി മിണ്ടുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്തു എന്ന ആരോപണം വീണ്ടും ഉയര്‍ത്തിയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. പ്രധാനമന്ത്രി മറ്റുള്ളവരുടെ പാവയായി മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയും പറഞ്ഞു. അമേരിക്കക്ക് മുന്നിലെ കീഴങ്ങടല്‍ രാജ്യത്തിന്റെ അന്തസ് ഇല്ലാതാക്കലാണെന്നും പ്രധാനമന്ത്രി ഇസ്രായേല്‍ സന്ദര്‍ശിച്ചത് എന്തിനാണെന്നും ഖേര ചോദിച്ചു. ഖമനേയി വധത്തില്‍ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയില്ല. എപ്സ്റ്റീന്‍ ഗ്യാങ്ങില്‍ നിന്ന് അനുവാദം ലഭിച്ചാല്‍ മാത്രമേ പ്രധാനമന്ത്രി മൗനം വെടിയൂവെന്നും എപ്സ്റ്റീന്‍ ഗ്യാങ്ങിന്റെ പിടിയിലാണ് മോദിയെന്നും പവന്‍ ഖേര പറഞ്ഞു.