ചെന്നൈയില്‍ നിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് പുറപ്പെട്ട ശ്രീലങ്കന്‍ എയര്‍വൈസില്‍ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ കടന്നുകൂടിയെന്ന സന്ദേശം വ്യാജം. ശ്രീലങ്കയും ഇന്ത്യയും സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചെന്നൈയില്‍ നിന്ന് പുറപ്പെട്ട വിമാനത്തില്‍ സംശയാസ്പദമായ ഒരാളുണ്ടെന്ന ഇന്ത്യയില്‍ നിന്നുള്ള വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന നടന്നത്.
ഇന്ന് 12 മണിക്കാണ് വിമാനം ചെന്നൈയില്‍ നിന്ന് കൊളംബോയില്‍ എത്തിയത്. യുഎല്‍ 122 എന്ന വിമാനത്തിലാണ് പരിശോധന നടന്നത്. പരിശോധന നടന്നെന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശ്രീലങ്കന്‍ പൊലീസും ശ്രീലങ്കന്‍ വ്യോമസേനയും സുരക്ഷാ ഉദ്യോഗസ്ഥരും സംയുക്തമായാണ് പരിശോധന നടത്തിയത്.
അതേസമയം ഇന്ത്യയ്ക്കെതിരെ വീണ്ടും പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി പ്രകോപനപരമായ പ്രസ്താവനയുമായി രംഗത്ത്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ ഇന്ത്യ വ്യാപാര-നയതന്ത്ര മേഖലകളില്‍ കടുത്ത നടപടികളെടുത്തിരുന്നു. ഇതുകൂടാതെ സിന്ധു നദീജല കരാറും മരവിപ്പിച്ചിരുന്നു. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത് സംബന്ധിച്ചാണ് പാക് പ്രതിരോധ മന്ത്രി പ്രകോപനപരമായ പ്രസ്താവന നടത്തിയിരിക്കുന്നത്.
സിന്ധു നദിയിലെ ജലം വഴിതിരിച്ചുവിടാനായി ഇന്ത്യ ഏതുതരം നിര്‍മ്മിതിയുണ്ടാക്കിയാലും തകര്‍ക്കുമെന്നാണ് പാക് പ്രതിരോധമന്ത്രി ഖവാജ മുഹമ്മദ് ആസിഫിന്റെ ഭീഷണി. പാകിസ്ഥാന്റെ ജലം വഴിതിരിച്ചു വിടുന്നത് ആക്രമണത്തിന്റെ മുഖമായി കണക്കാക്കുമെന്നാണ് ഖവാജയുടെ പ്രസ്താവന.
സിന്ധു തടത്തില്‍ അണക്കെട്ടുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ നീങ്ങിയാല്‍ പാകിസ്ഥാന്റെ പ്രതികരണം എന്തായിരിക്കുമെന്ന ചോദ്യത്തിനാണ് ഖവാജയുടെ പ്രകോപനപരമായ മറുപടി. ഇന്ത്യ അങ്ങനെ ചെയ്യുന്നത് പാകിസ്ഥാനെതിരായ ആക്രമണമായിരിക്കും. അവര്‍ ഇത്തരത്തിലുള്ള ശ്രമം നടത്തിയാല്‍ പോലും പാകിസ്ഥാന്‍ ആ നിര്‍മ്മിതി നശിപ്പിക്കുമെന്നാണ് ഖവാജയുടെ ഭീഷണി.







