ഡൽഹി വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ച അഫ്ഗാൻ വനിത എം.പിക്ക് അടിയന്തര വിസ അനുവദിച്ച് ഇന്ത്യ

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ച അഫ്ഗാൻ എം.പിക്ക് അടിയന്തര വിസ നൽകി ഇന്ത്യ. അഫ്ഗാൻ വനിത എംപി രംഗിന കർഗർക്കാണ് അടിയന്തര വിസ അനുവദിച്ചത്. ഈ മാസം ഇരുപതിനാണ് കർഗറെ ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞ് തിരിച്ചയച്ചത്. ഇസ്താംബുളിൽ നിന്ന് ഡൽഹിയിലിറങ്ങിയ രംഗീനയെ അതേ വിമാനത്തിൽ ദുബായ് വഴി ഇസ്താംബുളിലേക്കു മടക്കി അയയ്ക്കുകയായിരുന്നു. നയതന്ത്ര പാസ്പോർട്ട് കാണിച്ചിട്ടും വന്ന വിമാനത്തിൽ തന്നെ തിരിച്ചയച്ചുവെന്ന് കാർഗർ പരാതി ഉന്നയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് തങ്ങൾക്ക് പിഴവ് സംഭവിച്ചതാണെന്ന് വിശദീകരിച്ച് വിദേശകാര്യമന്ത്രാലയം അടിയന്തര വിസ അനുവദിച്ചത്. ഡൽഹിയിലെ ആശുപത്രിയിലേക്ക് വന്നതായിരുന്നുവെന്നും മടക്ക ടിക്കറ്റുണ്ടായിട്ടും വന്ന വിമാനത്തില്‍ തന്നെ തിരിച്ചയച്ചെന്നുമായിരുന്നു രംഗിന കർഗർ ആരോപിച്ചത്. 2010 മുതൽ അഫ്ഗാൻ പാർലമെന്‍റ് അംഗമാണ് കാർഗർ.

അതിനിടെ അഫ്ഗാനിസ്ഥാനിൽ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാകുകയാണ്. ഇന്നലെ കാബൂളിലുണ്ടായ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 62 ആയി. 143 പേർക്ക് പരിക്കേറ്റു. 13 യു എസ് സൈനികരും കൊല്ലപ്പെട്ടു. സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.

അതേ സമയം താലിബാൻ തടഞ്ഞ 20 ഇന്ത്യക്കാർ ഇപ്പോഴും അഫ്ഗാനിസ്ഥാനിൽ കുടുങ്ങികിടക്കുകയാണ്. അവർക്ക് വിമാനത്താവളത്തിൽ എത്താനായിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.