രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 18,000 പേർക്ക്‌

രാജ്യത്ത് കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ വൻ വർധന. പ്രതിദിന ​കോവിഡ് രോഗികളുടെ എണ്ണം 18,000 കടന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 18,819 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 39 മരണവും സ്ഥീരികരിച്ചു. 39 പേരുടെ മരണം കൂടി കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെ ആകെ മരണം 5,25,116 ആയി ഉയർന്നു. കഴിഞ്ഞ ദിവസത്തേതില്‍ നിന്നും രോഗികളുടെ എണ്ണത്തില്‍ 4,953 ആണ് വര്‍ധന. 4.16 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

രാജ്യത്തെ ഭൂരിഭാഗം രോഗികള്‍ കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ഇന്നലെ കേരളത്തില്‍  4,500ലധികം പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. മഹാരാഷ്ട്രയില്‍ 3,500ലധികമാണ് പ്രതിദിനരോഗികളുടെ എണ്ണം. അതേസമയം കോവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടനയും രംഗത്ത് എത്തി.

കോവിഡ് മഹാമാരിക്ക് മാറ്റംവന്നെങ്കിലും അത് അവസാനിച്ചിട്ടില്ലെന്നും 110 രാജ്യങ്ങളിൽ രോഗികളുടെ എണ്ണം വർധിക്കുകയാണെന്നും ലോകാരോഗ്യസംഘന (ഡബ്ല്യു.എച്ച്.ഒ.) മുന്നറിയിപ്പ് നൽകി.  കേസുകൾ കണ്ടെത്തുന്നതിൽ വെല്ലുവിളി നേരിടുന്നുണ്ടെന്ന് വ്യക്തമാക്കിയ സംഘടന, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.

ബിഎ.4, ബിഎ.5 വകഭേദങ്ങൾമൂലമുള്ള കോവിഡ് പലയിടത്തും പടരുകയാണ്. 110 രാജ്യങ്ങളിൽ കോവിഡ് നിരക്ക് ഉയർന്നതോടെ ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 20 ശതമാനം വർധിച്ചു.  ലോകാരോഗ്യസംഘടനയുടെ കീഴിലുള്ള ആറിൽ മൂന്ന് മേഖലകളിലും കോവിഡ് മരണങ്ങൾ ഉയരുന്നുണ്ടെങ്കിലും ആഗോളകണക്കുകളിൽ വലിയ മാറ്റമില്ലെന്നും ലോകാരോഗ്യസംഘടനാ മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസസ് പറഞ്ഞു.