ഉപമുഖ്യമന്ത്രിയായതിന് പിന്നാലെ അജിത് പവാറിന് ക്ലീന്‍ ചിറ്റ്; ബിനാമി കേസില്‍ തെളിവില്ലെന്ന് ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണല്‍

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായതിന് പിന്നാലെ അജിത് പവാറിനും കുടുംബത്തിനും ക്ലീന്‍ ചിറ്റ് നല്‍കി ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണല്‍. ബിനാമി ഇടപാട് കേസിലാണ് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. 2021 ഒക്ടോബറിലായിരുന്നു അജിത് പവാറുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ അദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

ഇതിന് പിന്നാലെ അദായനികുതി വകുപ്പ് പരിശോധനയില്‍ കണ്ടെത്തിയ രേഖകളില്‍ പൊരുത്തക്കേടുണ്ടെന്ന് ആരോപിച്ച് കേസെടുത്തിരുന്നു. ഇതേ തുടര്‍ന്ന് അദായനികുതി വകുപ്പ് 1000 കോടിയുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടിയിരുന്നു. എന്നാല്‍ കേസില്‍ അജിത് പവാറിനെതിരെ ആദായനികുതി വകുപ്പ് ഉന്നയിച്ച ആരോപണങ്ങള്‍ ട്രിബ്യൂണല്‍ തള്ളുകയായിരുന്നു.

തുടര്‍ന്ന് ആദായനികുതി വകുപ്പ് ഹാജരാക്കിയ രേഖകളില്‍ ബിനാമി ആരോപണം തെളിയിക്കുന്ന രേഖകളില്ലെന്ന് ട്രൈബ്യൂണല്‍ അറിയിച്ചു. സത്താറയിലെ പഞ്ചസാര ഫാക്ടറി, മുംബൈയിലെ ഓഫീസ് കെട്ടിടം, ഡല്‍ഹിയിലെ ഫ്‌ളാറ്റ്, ഗോവയിലെ റിസോര്‍ട്ട്, മഹാരാഷ്ട്രയിലെ 27 ഇടത്തായുള്ള ഭൂവകകള്‍ എന്നിവയായിരുന്നു ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്.